ഇന്ത്യയില്‍ ആദ്യമായി പരിസ്ഥിതി സൌഹൃദ ഇന്ധനമായ എഥനോള്‍ ഉപയോഗിച്ച് ഓടുന്ന ബസ് നാഗ്പൂരില്‍ സര്‍വീസ് ആരംഭിച്ചു. മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് എഥനോള്‍ ബസ് അവതരിപ്പിച്ചിരിക്കുന്നത്. സ്വീഡനിലെ സ്കാനിയ കമ്പനിയാണ് ബസ് നിര്‍മിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി ഫ്ളാഗ് ഓഫ് ചെയ്തതോടെ ഇന്ത്യയുടെ ആദ്യ പരിസ്ഥിതി സൌഹൃദ ബസ് നാഗ്പൂര്‍ നഗരത്തില്‍ സര്‍വീസ് ആരംഭിച്ചു. ഈ പരീക്ഷണം വിജയകരമായാല്‍ ഇന്ത്യന്‍ നിരത്തുകളിലാകെ ഇത്തരം ബസുകള്‍ ഓടിക്കുവാനാണ് ലക്‌ഷ്യം. ഇതുവഴി പെട്രോള്‍ ഉപഭോഗം കുറയ്ക്കുവാനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
യുകെ, സ്പെയിന്‍, ഇറ്റലി, ബെല്‍ജിയം, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലും സ്കാനിയ കമ്പനിയുടെ എഥനോള്‍ ബസ് സര്‍വീസ് നടത്തുന്നുണ്ട്. എഥനോള്‍ ഉപയോഗിച്ച് ഓടുന്ന ബൈക്ക് നേരത്തെ ടാറ്റ നിരത്തിലിറക്കിയിരുന്നു.