രാജ്യത്തിന് ആവശ്യമുള്ള ക്രൂഡോയില്‍ എവിടെ നിന്നും വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ഉണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റിന് മറുപടിയുമായി ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100% നികുതി ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയത്.
ക്രൂഡോയില്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ട്രംപിന്റെ ഭീഷണി വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. 2022 ഫെബ്രുവരി മുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ റിഫൈനറികള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുകയായിരുന്നു.
റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് നാറ്റോയുടെ മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് പുറമേ ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മൂന്നു രാജ്യങ്ങളോടും റഷ്യന്‍ പ്രസിഡന്റിനോട് എത്രയും വേഗം സമാധാന ചര്‍ച്ചകളെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു.
50 ദിവസത്തിനുള്ളില്‍ റഷ്യ -യുക്രെയിന്‍ സമാധാന കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100% നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാര്‍ക്ക് റുട്ടൊയുടെ പ്രഖ്യാപനം വന്നത്. യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും 30 ശതമാനം തീരുവാ ട്രംപ് ചുമത്തിയിരുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. കൂടാതെ ഏതെങ്കിലും രാജ്യങ്ങള്‍ അമേരിക്കക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി. കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 35% നികുതി പ്രഖ്യാപിച്ചിരുന്നു. ഇതും ഓഗസ്റ്റുമുതല്‍ നിലവില്‍ വരും.