ഇന്ത്യയില്‍ 36മണിക്കൂറിനുള്ളില്‍ തുര്‍ക്കിയിലേക്കുള്ള 60ശതമാനം വിസ അപേക്ഷകളും പിന്‍വലിച്ചതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 26 മെയ് 2025 (11:48 IST)
ഇന്ത്യയില്‍ 36മണിക്കൂറിനുള്ളില്‍ തുര്‍ക്കിയിലേക്കുള്ള 60ശതമാനം വിസ അപേക്ഷകളും പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ യാത്രക്കാര്‍ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും യാത്ര ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി വിസ പ്രോസസ്സിംഗ് കമ്പനിയായ അറ്റ്‌ലിസിന്റെ സ്ഥാപകനും സിഇഒയുമായ മോഹക് നഹ്ത പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വെറും 36 മണിക്കൂറിനുള്ളില്‍ 60 ശതമാനം വിസ അപേക്ഷകളും റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയ്ക്കൊപ്പം നില്‍ക്കാനും ദേശീയ വികാരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും തുര്‍ക്കിയുടെയും അസര്‍ബൈജാനിന്റെയും എല്ലാ മാര്‍ക്കറ്റിംഗ് ജോലികളും തന്റെ കമ്പനി നിര്‍ത്തിവച്ചിട്ടുണ്ടെന്ന് അറ്റ്‌ലിസിന്റെ സിഇഒ കൂട്ടിച്ചേര്‍ത്തു. മന്‍ കി ബാത്ത പ്രതിമാസ പരിപാടിയില്‍ പ്രധാനമന്ത്രി ഇതുസംബന്ധിച്ച ചില സൂചനകള്‍ നല്‍കിയിരുന്നു. 
 
പരിപാടിയില്‍ കുട്ടികള്‍ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ മാത്രം വാങ്ങുന്ന ഒരു മാതാപിതാക്കളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ഇത് കുട്ടിക്കാലം മുതല്‍ കുട്ടികളില്‍ ദേശസ്‌നേഹം വളര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മിക്കപേരും ടൂറിനായി തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും പോകുന്നതിന് പകരം രാജ്യത്തെ ഏതെങ്കിലും മനോഹരമായ സ്ഥലത്ത് അവധിക്കാലം ചെലവഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള സൈനിക സംഘര്‍ഷത്തില്‍ ഇസ്ലാമാബാദ് തുര്‍ക്കിയുടെ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍