ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ പ്രതിരോധിക്കാനായി ഇന്ത്യ അതിര്‍ത്തിയോട് ചേര്‍ന്ന കിഴക്കന്‍ ലഡാക്ക് മലനിരകളില്‍ നൂറോളം യുദ്ധടാങ്കുകള്‍ വിന്യസിച്ചു. ടിപ്പു സുല്‍ത്താന്‍, മഹാറാണാ പ്രതാപ്, ഔറംഗസേബ് തുടങ്ങിയ കരസേനയിലെ മൂന്നു സൈനിക വ്യൂഹങ്ങളാണ് വിന്യസിക്കുന്നത്.
അടുത്തിടെ ഇന്ത്യന്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ ചൈനീസ് അധിനിവേശം വ്യക്തമായ സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി അതിര്‍ത്തിയിലെ കാവല്‍ ശക്തമാക്കുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കൈയ്യേറി റോഡുകളും ടെലിപാഡുകളും നിര്‍മിക്കുന്ന ചൈനയുടെ നീക്കം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.
1962ലെ ഇന്ത്യ- ചൈനീസ് യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ ഇന്ത്യ ടാങ്കുകള്‍ വിന്യസിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. കൂടുതല്‍ ടാങ്കുകള്‍ പ്രദേശത്ത് വിന്യസിക്കാനും സേന നീക്കം നടത്തുന്നുണ്ട്. എന്നാല്‍, സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക് മലനിരകളില്‍ ടാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനം സാധ്യമാകില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. മൈനസ് 45 ഡിഗ്രി തണുപ്പ് സേനാംഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.