പാക് ഭീകരര്‍ നവേദിന്റെ കൂട്ടാളികളുടെ യഥാര്‍ഥ ചിത്രം പുറത്തുവിട്ടു

Webdunia
ശനി, 22 ഓഗസ്റ്റ് 2015 (11:45 IST)
ഉധംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവേദിനെ സഹായിച്ച ഭീകരരുടെ യഥാര്‍ഥ ചിത്രങ്ങളും അവരെക്കുറിച്ചുള്ള വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പുറത്തുവിട്ടു. 28 വയസുള്ള അബു കാസിം, 18 വയസുള്ള അബു ഒകാഷ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. നേരത്തേ, ഈ ഭീകരരുടെ രേഖാചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു.

നവീദിനെ ചോദ്യം ചെയ്തപ്പോൾ താനടക്കം നാലുപേര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചതായി പറഞ്ഞിരുന്നു. നവീദിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരു ഭീകരരുടെയും രേഖാചിത്രം തയാറാക്കിയത്. ഇരുവരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. ഉധംപൂരില്‍ ആക്രമണം നടത്താന്‍ അതിര്‍ത്തി കടന്ന് നാലു ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎയ്ക്കു ലഭിച്ച വിവരം. മുഹമ്മദ് നവേദിനെ നാട്ടുകാര്‍ പിടികൂടി സൈന്യത്തിനു കൈമാറുകയായിരുന്നു.

ലഷ്കറെ തയിബ കമാൻഡറായ അബു ഖാസിം, ഭീകരൻ അബു ഒകാഷ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് യഥാക്രമം 10 ലക്ഷം, അഞ്ചു ലക്ഷം എന്നിങ്ങനെ പാരിതോഷികം ലഭിക്കും. ഉധംപൂരിൽ ആക്രമണം നടത്തുന്നതിനിടെ നവീദിനെ നാട്ടുകാര്‍ പിടികൂടുകയും മറ്റു രണ്ടു ഭീകരർ രക്ഷപ്പെടുകയുമായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും പിടികൂടാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഭീകരരുടെ രേഖാചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടത്.