വിഘടനവാദി സംഘടനയായ ഹുറിയത്തിന്റെ നേതാക്കളെ പാകിസ്ഥാൻ ചർച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ ഈ മാസം 24ന് നടക്കാനിരിക്കുന്ന ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ നിന്നും ഇന്ത്യ പിന്മാറുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്.
വിഘടനവാദികൾക്ക് പാക്കിസ്ഥാൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസുമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കിയതാണ് ഇന്ത്യയെ ചൊടുപ്പിച്ചത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലും പാക് എൻഎസ്എ സർതാജ് അസീസും തമ്മിലുള്ള ചർച്ചയ്ക്കു മുൻപ് കശ്മീർ വിഘടനവാദികളെ പാക് ഹൈക്കമിഷണർ ചർച്ചയ്ക്കു വിളിച്ചിരുന്നു.
ഇന്ത്യയിലെ ഹുറിയത് നേതാക്കൾക്ക് സർതാജ് അസീസുമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദത്തിനെതിരെ ഒരുമിച്ചു പോരാടാനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമത്തെ ഇത്തരത്തിലൊരു കൂടിക്കാഴ്ച വിപരീത ഫലം ഉണ്ടാക്കുമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
ഹുറിയത്തിന്റെ നേതാക്കളെ പാകിസ്ഥാൻ ചർച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കാശ്‌മീരിലെ വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഹുറിയത്ത് നേതാക്കളായ ഹുറിയത് നേതാക്കളായ മിർവായിസ് ഉമർ ഫാറൂഖ്, മൗലാനാ മുഹമ്മദ് അബ്ബാസ് അൻസാരി, മുഹമ്മദ് അഷ്റഫ് സെഹ്രായ്, ഷബീർ അഹമ്മദ് ഷാ, അയാസ് അക്ബർ എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ സ്വതന്ത്രമാക്കുകയും ചെയ്‌തിരുന്നു.
ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ തമ്മിലുള്ള ചർച്ചയിൽ ഇന്ത്യയിലെ ഭീകരാക്രമണങ്ങൾക്കു പിന്നിലുള്ള പാക്ക് പങ്കിനെക്കുറിച്ചു കൂടുതൽ തെളിവു നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൃത്യമായ തെളിവുകളുമായി പ്രധാനപ്പെട്ട അഞ്ച് ഭീകരപ്രവർത്തന അനുബന്ധ കാര്യങ്ങളുടെ തെളിവാണ് ഇന്ത്യ കൈമാറാനിരിക്കുന്നത്.
2014ൽ പാക്ക് ഹൈക്കമ്മിഷണർ വിഘടനവാദികളുമായി ചർച്ച നടത്തിയതിനെത്തുടർന്ന് അന്നു ചേരാനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചർച്ച ഇന്ത്യ റദ്ദാക്കിയിരുന്നു. റഷ്യയിലെ ഊഫയില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ -പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടത്താന്‍ ധാരണയായത്.