വന്‍കരകള്‍ കിടുങ്ങും, അതിശക്തന്മാര്‍ ഓടിയൊളിക്കും, വരുന്നു ഇന്ത്യയുടെ ഭീമന്‍ ആയുധവാഹിനി കപ്പല്‍...!

Webdunia
വ്യാഴം, 12 നവം‌ബര്‍ 2015 (14:59 IST)
ദീര്‍ഘ ദൂര ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെയുള്ള മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഭീമന്‍ ആയുധവാഹിനി കപ്പല്‍ നിര്‍മ്മിക്കാന്‍ പോകുന്നു. ശത്രുരാജ്യങ്ങളുടെ മിസൈലുകൾ ഇന്ത്യയുടെ വ്യോമാതിർത്തിയ്ക്കകത്തും പുറത്തും വച്ചു നശിപ്പിക്കുവാൻ ഈ പുതിയ വിക്ഷേപണ വാഹിനിയിൽ നിന്നാകും.

കപ്പലായതിനാല്‍ ശത്രുവിന്റെ അരികിലേക്ക് പോകാതെ തന്നെ അതിശക്തമായ പ്രഹരമേല്‍പ്പിക്കാനാകും. വളരെ പെട്ടന്ന് സ്ഥാനം മാറ്റാനാകുമെന്നതിനാല്‍ പ്രത്യാക്രമണത്തില്‍ നിന്ന് രക്ഷനേടാനും വീണ്ടും കരുത്തുള്ള ആക്രമണം നടത്താനും ഇനി ഇന്ത്യയ്ക്ക് സാധിക്കും.

പുതിയ മിസൈൽ വാഹിനിയിൽ നിന്നു ദീർഘദൂര മിസൈലുകള്‍ വിക്ഷേപിക്കാനാകും. 10,000 ടണ്ണാണ് ഈ വൻ ആയുധക്കപ്പലിന്റെ ശേഷി. മിസൈൽ ലോഞ്ച് പാ‍ഡ്, ലോഞ്ച് കൺട്രോൾ സെന്റർ, മിഷൻ കൺട്രോൾ സെന്റർ എന്നിവയും ഈ ആയുധക്കപ്പലിലുണ്ടാകും. നിർമാണം ആരംഭിച്ച ഈ കപ്പൽ നാലു മുതൽ അഞ്ചു വർഷത്തിനുള്ളിൽ ആദ്യപരീക്ഷണത്തിന് സ‍ജ്ജമാകും.

കപ്പല്‍ രാജ്യത്തിന്റെ ഭാഗമാകുന്നതോടെ 1000 - 1500 കിലോമീറ്റർ പരിധിയിൽ ഇന്ത്യയ്ക്ക് ഏത് രാജ്യത്തിലേക്ക് വേണമെങ്കിലും നിഷ്പ്രയാസം ആക്രമണം നടത്താന്‍ സാധിക്കും. മാത്രമല്ല ദീർഘദൂര. ഹൃസ്വ ദൂര മിസൈല്‍ പരീക്ഷണങ്ങള്‍ വേണ്ടിവരുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിക്കും.

കരയിൽ നിന്നു മിസൈൽ വിക്ഷേപണ പരീക്ഷണം നടത്തുന്നതിനു ചില പോരായ്മകളുണ്ട്. പരീക്ഷണം നടത്തുന്നതിനു മുൻപായി ഗ്രാമത്തിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയെന്നതാണ് ഇതിലേറ്റവും മുഖ്യം. 300 കിലോമീറ്ററിൽ താഴെയുള്ള ലക്ഷ്യം മാത്രമേ ക്രമീകരിക്കാനാവൂ. വ്യത്യസ്ത വിക്ഷേപണപഥങ്ങൾ താരതമ്യപഠനം നടത്താനും സാധിക്കില്ല. ഈ പോരായ്മകൾ കടലിൽ നിന്നു വിക്ഷേപിക്കുന്നതിലൂടെ മറികടക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

മാത്രമല്ല ശത്രു മിസൈലുകളെ നശിപ്പിക്കാനുതകുന്ന മിസൈല്‍ വേധ സംവിധാനങ്ങളും വിന്യസിപ്പിക്കാന്‍ കഴിയുന്നതിനാല്‍ രാജ്യത്തെ നഗരങ്ങള്‍ക്കു ശക്തമായ സുരക്ഷാ കവചമായി മാറാനും ആയുധവാഹിനി കപ്പലിന് സാധിക്കും.