ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ചു, പ്രതീക്ഷയോടെ ശാസ്ത്രലോകം

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (10:34 IST)
ഇന്ത്യയുടെ കരുത്ത് ലോകത്തിന് ബോധ്യമാക്കി കൊടുക്കാന്‍  ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പായ ആസ്‌ട്രോസാറ്റ്   രാജ്യം വിജയകരമായി വിക്ഷേപിച്ചു. രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് വിക്ഷേപിച്ചത്. ഇതോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ ജപ്പാന്‍ എന്നിവയ്ക്കൊപ്പം സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യ മാറി.

പി.എസ്.എല്‍.വി സി-30 റോക്കറ്റാണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്. ജ്യോതിശാസ്ത്ര പഠനം ലക്ഷ്യമിട്ടുള്ള ഈ ഉപഗ്രഹത്തിന് അള്‍ട്രാവയലറ്റ്, ഒപ്റ്റിക്കല്‍, എക്‌സറേ തരംഗരാജിയിലുള്ള വികരണങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ രേഖപ്പെടുത്താന്‍ കഴിവുണ്ട്. ഇത്തരത്തിലൊരു ബഹിരാകാശ ടെലിസ്കോപ്പുള്ള ഏക രാജ്യവും ഇപ്പോള്‍ ഇന്ത്യയാണ്. പ്രപഞ്ചത്തിനു നേരെ ഇന്ത്യ തുറന്നു വയ്ക്കുന്ന കണ്ണാടി എന്നാണ് അസ്‌ട്രോസാറ്റ് വിശേഷിപ്പിക്കപ്പെടുന്നത്.

നക്ഷത്രങ്ങള്‍, ക്ഷീരപഥങ്ങള്‍, തമോഗര്‍ത്തങ്ങള്‍, ഉയര്‍ന്ന ആവൃത്തിയുള്ള അള്‍ട്രാ വയലറ്റ്, എക്‌സ്‌റേ തുടങ്ങിയ കിരണങ്ങളെ അസ്‌ട്രോസാറ്റ് നിരീക്ഷിക്കും. 10 കൊല്ലമെടുത്താണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. അഞ്ചു കൊല്ലമാണ് ദൗത്യകാലാവധി. 1513 കിലോഗ്രാമാണ് ഇതിന്റെ ഭാരം. ഇന്തൊനീഷ്യയുടെയും കാനഡയുടെയും ഓരോ ഉപഗ്രഹങ്ങള്‍ വീതവും യു.എസിന്റെ നാല് നാനോ ഉപഗ്രഹവുമാണ് ആസ്‌ട്രോസാറ്റിനൊപ്പം വിക്ഷേപിച്ചത്.