പാക് ആക്രമണത്തില്‍ പരിക്കേറ്റ ബി എസ് എഫ് ജവാൻ വീരമൃത്യു വരിച്ചു; അതിർത്തിയിൽ കനത്ത ജാഗ്രത

ഞായര്‍, 23 ഒക്‌ടോബര്‍ 2016 (10:09 IST)
അതിർത്തിയിൽ ബി എസ് എഫ് ക്യാമ്പിനു നേരെ ഉണ്ടായ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബി എസ് എഫ് ജവാൻ മരിച്ചു. 26കാരനായ ഗുര്‍നാം സിങ്ങാണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. ജമ്മുവിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 
 
ജമ്മു കശ്മീരിലെ കത്വ ജില്ലയിലുള്ള ഹിരാനഗറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് ഗുര്‍നാമിന് പരിക്കേറ്റത്. തുടർന്ന് ഹിരാനഗർ മേഖലയിൽ ഇന്ത്യൻ അതിർത്തി രക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴു പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു പാകിസ്താൻ വാദം.
 
കഴിഞ്ഞ മാസം പാക്അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിന് ശേഷം നിരവധി തവണയാണ് പാകിസ്താന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. വെടിവെയ്പ്പിനെതുടർന്ന് അതിർത്തിയിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക