ഉറിയിലെ ഭീകരാക്രമണത്തിന് മറുപടിയെന്നോണം മിന്നലാക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടി നടത്തി. പാക് - ഇന്ത്യ ബന്ധത്തിന്റെ തകർച്ച കൂടുതൽ ബലപ്പെട്ടു. ആക്രമണം ഇന്ത്യ ആഘോഷിക്കുമ്പോൾ ചിലർക് അത് ഒരു വേദനയായി മാറിയിരിക്കുകയാണ്. ഇന്ത്യ - പാക് അതിർത്തിയിലെ ഗ്രാമങ്ങളിലുള്ളവർ ഭയത്തോടെയാണ് കഴിയുന്നത്.
തിരിച്ചടി കണക്കിലെടുത്ത് സൈന്യം ഗ്രാമവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ, കൂടുതൽ ആളുകൾ ഇപ്പോഴും സ്വന്തം ഗ്രാമം വിട്ട് പോകാൻ സമ്മതിച്ചിട്ടില്ല. തങ്ങളുടേതായ എല്ലാം ഇവിടെയാണുള്ളത്. ഇത് ഉപേക്ഷിച്ച് പോകാൻ ആകില്ല. ജനിച്ചുവീണ മണ്ണും ജീവിതോപാതികളും വിട്ട് പോകാൻ ഇവർക്ക് മനസ്സ് വരുന്നില്ല. തങ്ങളുടെ ആവശ്യങ്ങളും പരാതികളും സർക്കാരിനെ പലതവണ ബോധിപ്പിച്ചുവെങ്കിലും ആരും കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഗ്രാമവാസികൾ പറയുന്നു.
മാസങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത കൃഷികളുടെ വിളവെടുപ്പ് കാലമാണ്. പക്ഷേ ഇത് യുദ്ധക്കളത്തിൽ ഇല്ലാതാകുമോ എന്നാണ് ഇവർ ഭയക്കുന്നത്. താൽക്കാലികമാണ് പാലായനമെന്നു പറയുമ്പോഴും തിരികെ വരുമ്പോൾ എന്തൊക്കെ അവിടെയുണ്ടാകുമെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ലല്ലോ.
തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. തിരിച്ചടിക്ക് അവസരം കാത്തിരിക്കുക. അതുമാത്രമാണ് പാകിസ്ഥാന് ചെയ്യാൻ കഴിയുക. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. അതിനു തെളിവെന്നോണമാണ് ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ പൊലീസ് സ്റ്റേഷനു നേരെ ഉണ്ടായ ഭീകരാക്രമണം. ഏത് രീതിയിൽ ആകും പാകിസ്ഥാൻ തിരിച്ചടിക്കുക എന്ന് ഉറപ്പില്ലെങ്കിലും, എല്ലാതരത്തിലും അതിനെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജമായിരിക്കുകയാണ്.