ഇന്ത്യ ഏറെക്കാലമായി നിര്‍മ്മിക്കാന്‍ കൊതിച്ചിരുന്ന ആളില്ലാ യുദ്ധവിമാനത്തിന് നരേന്ദ്രമോഡി സര്‍ക്കാര്‍ അനുമതി നല്‍കി. 'ഘാതക്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഡ്രോണ്‍ നിര്‍മ്മിക്കുന്നതിനായി 3000 കൊടി രൂപയാണ് പ്രതിരോധ വകുപ്പിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. എട്ടുവര്‍ഷത്തിനുള്ളില്‍ ഡ്രോണിന്റെ എന്ന്ചിന്‍ നിര്‍മ്മാണം പരീക്ഷണത്തിന് സജ്ജമാകുമെന്നാണ് വിവരം.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ ആളില്ലാ യുദ്ധവിമാനമാകും ഘാതക്. ബോംബുകളും, മിസൈലുകളും, റോക്കറ്റുകളും ശത്രുതാവളങ്ങളിലേക്ക് വര്‍ഷിക്കാന്‍ ഉദ്ദേശിച്ച് നിര്‍മ്മിക്കുന്ന ഡ്രോണില്‍ സ്വകാര്യ കമ്പനികളും ഭാഗഭാക്കാകും.
നേരത്തെ ഇന്ത്യ മരവിപ്പിച്ച് വച്ചിരുന്ന കാവേരി യുദ്ധവിമാന എഞ്ചിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും ഘാതകിനായി ഒരുങ്ങുക എന്നാണ് വിവരം. 20 വര്‍ഷത്തോളമായി ഇന്ത്യ സ്വന്തമായി യുദ്ധവിമാനത്തിന്റെ എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു. ലക്ഷ്യ എന്നപേരില്‍ ഉള്ള ഇന്ത്യയുടെ നിരീക്ഷണ ഡ്രോണില്‍ ഉപയോഗിക്കുന്ന കാവേരി എഞ്ചിന്‍ നിര്‍മ്മിച്ചത് ഡിആര്‍ഡിഒ ആണ്. ഈ പരിചയം മുതല്‍കൂട്ടാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ ആളില്ലാ യുദ്ധവിമാന പദ്ധതിക്ക് സാങ്കേതികമായി വിളിക്കുന്നത് ഓട്ടോണോമസ് അണ്‍മാന്‍ഡ് റിസേര്‍ച്ച് എയര്‍ക്രാഫ്റ്റ് (ഓറ) എന്നാണ്. ഇന്ത്യ യുദ്ധവിമാനങ്ങള്‍ക്ക് അനുസൃതമായി രൂപകല്‍പ്പന ചെയ്തതാണ് കാവേരി എഞ്ചിന്‍. എന്നാല്‍ ഇത് ഒരു യുദ്ധവിമാനത്തിന് വേണ്ട തള്ളര്‍ ശക്തി നല്‍കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഘാതകിന് കാവേരിയെ ഒന്ന് പരിഷ്കരിച്ചെടുക്കയേ വേണ്ടു എന്നാണ് ഗവേഷകര്‍ പറയുന്നത്.
റഡാര്‍ കണ്ണുകളെ കബളിപ്പിച്ച് കഴുകനേപ്പോലെ പറന്നെത്തി നാശം വിതയ്ക്കാന്‍ കഴിയും വിധമാണ് ഘാതക് എന്ന് ഓറയെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മറ്റ് വിമാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഘാതകിന് വാല്‍ ഉണ്ടാകില്ല. പകരം പ്രത്യേകമായിഡിസൈന്‍ ചെയ്തിരിക്കുന്ന സാങ്കേതിക വിദ്യയാകും ആകാശത്ത് ഇവനെ താങ്ങിനിര്‍ത്തുന്നതിന് സഹായിക്കുക.