മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു 1962 ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അമേരിക്കന്‍ സഹായം തേടിയെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. യുദ്ധകാലത്ത് ചൈനയുടെ മുന്നേറ്റം തടയാനായി ജെറ്റ് യുദ്ധ വിമാനങ്ങള്‍ നല്‍കി സഹായിക്കണമെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് നെഹറു കത്തെഴുതിയെന്നാണ് ബ്രൂസ് ഒ റെയ്ഡലിന്റെ വെളിപ്പെടുത്തല്‍.
തന്റെ 'ജെ.എഫ്.കേസ് ഫൊര്‍ഗോട്ടണ്‍ ക്രൈസിസ്: ടിബറ്റ്, ദ സി.ഐ.എ ആന്റ് ദ സിനോ ഇന്ത്യന്‍ വാര്‍' എന്ന പുസ്തകത്തിലാണ് ഈ പരാമര്‍ശമുള്ളത്. ചൈനീസ് ആക്രമണത്തെ നേരിടാൻ യുഎസ് യുദ്ധ വിമാനങ്ങൾ നൽകണമെന്നായിരുന്നു കത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്. യുദ്ധത്തിൽ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ചൈന കയ്യടക്കുന്നതായും നിരവധി ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നതായും മനസ്സിലാക്കിയ സാഹചര്യത്തിലാണ് നെഹ്‍റു സഹായം ആവശ്യപ്പെട്ട് കെന്നഡിക്ക് കത്തെഴുതിയത്. 1962 നവംബറിലായിരുന്നു ഇത്.
കുറഞ്ഞത് 12 ഓളം യുദ്ധ വിമാനങ്ങൾ വേണം. ഇന്ത്യയിൽ അത്യാധുനിക റഡാർ സംവിധാനങ്ങൾ ഒന്നുമില്ല. അതിനാൽ ഈ വിമാനങ്ങളിൽ റഡാർ സംവിധാനങ്ങൾ ഘടിപ്പിക്കുന്നത് ഇന്ത്യക്കാർ പരിശീലനം നേടുന്നതുവരെ യുഎസ് വായുസേനയിലെ ഉദ്യോഗസ്ഥർ തന്നെ ഇവ കൈകാര്യം ചെയ്യണം. മാത്രമല്ല ടിബറ്റിനെ ആക്രമിക്കാനായി ബി-47 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളും വേണം. ഇവ ഒരിക്കലും പാക്കിസ്ഥാനെതിരായി ഉപയോഗിക്കില്ലെന്നും ചൈനയുടെ ആക്രമണത്തെ തടയാൻ മാത്രമാണുപയോഗിക്കുകയെന്നും നെഹ്‍റു കത്തിൽ കെന്നഡിക്ക് ഉറപ്പു നൽകിയതായി ലേഖകൻ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 19 ന് യുഎസിലെ ഇന്ത്യൻ അംബാസിഡർ ബി.കെ. നെഹ്‍റുവാണ് ഈ കത്ത് കെന്നഡിക്ക് കൈമാറിയതെന്നും പുസ്തകത്തിൽ പറയുന്നു. കത്തെഴുതുന്നതിനു മുൻപായി ഇന്ത്യയിലെ യുഎസ് അംബാസിഡർ ഗാൽബ്രെയിത് യുഎസ് സഹായം ആവശ്യപ്പെട്ട് നെഹ്‍റുവിൽ നിന്നൊരു സന്ദേശം വരുന്നതായി കാണിച്ച് വൈറ്റ് ഹൗസിലേക്ക് ടെലഗ്രാമും അയച്ചിരുന്നു. യുദ്ധം രൂക്ഷമായപ്പോള്‍ പരിഭ്രമിച്ച ജവഹര്‍ലാല്‍ നെഹറു വീണ്ടും കെന്നഡിക്ക് കത്തെഴുതി. അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ വഴി നല്‍കിയ കത്തില്‍ വ്യോമാക്രമണത്തില്‍ പങ്കെടുത്ത് ചൈനക്ക് തിരിച്ചടി നല്‍കണമെന്ന് പറയുന്നു.
എന്നാല്‍ പത്ത് വര്‍ഷം മുമ്പേ കൊറിയന്‍ വിഷയത്തില്‍ ചൈനയുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ അമേരിക്കയ്ക്ക് ഇന്ത്യയെ സഹായിക്കാന്‍ സാധിക്കുമായിരുന്നില്ല എന്ന് റെയ്ഡല്‍ പുസ്തകത്തില്‍ പറയുന്നു. ലോക നേതാവായുള്ള നെഹ്‍റുവിന്റെ വളർച്ചയെ തടയുക എന്നതായിരുന്നു യുദ്ധത്തിനു പിന്നിലുണ്ടായിരുന്ന മാവോ സെ തുങ്ങിന്റെ പ്രധാന ലക്ഷ്യം. നെഹ്‌റു മുന്‍കൈയെടുത്ത് നടപ്പാക്കിയ ഇന്ത്യയുടെ വിദേശ നയമാണ് മാവോയെ പ്രകോപിപ്പിച്ചത്. മാവോയുടെ പ്രധാന ലക്ഷ്യം നെഹറു ആയിരുന്നെങ്കിലും, അദ്ദേഹത്തെ തോല്‍പ്പിക്കുന്നതിലൂടെ അന്നത്തെ സോവിയറ്റ് റഷ്യയുടെ തലവന്‍ നികിത ക്രൂഷ്‌ചേവിനേയും, കെന്നഡിയേയും അപമാനിക്കുക എന്ന ഗൂഢ ഉദ്ദേശ്യവുമുണ്ടായിരുന്നു.