ഇന്ത്യന്‍ മുജാഹിദ്ദീനുമായി കൈകോര്‍ത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ ആക്രമണങ്ങളും സ്ഫോടനങ്ങളും നടത്താന്‍ ഇസ്ലാമിക ഭീകര സംഘടനയായ അല്‍ഖെയ്ദ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണേഷ്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി അല്‍ഖെയ്ദ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വെളിപ്പെടുത്തിയത്.
ഇതേ തുടര്‍ന്ന് രാജ്യത്ത് രഹസ്യാന്വേഷണ സംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് തീവ്രവാദികളുടെ രഹസ്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്തതില്‍ നിന്നാണ് ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള അല്‍ഖെയ്ദ പദ്ധതി പുറത്തായത്.
ഇന്ത്യയിലെ വിദേശികളെ തട്ടിക്കൊണ്ടുപോകുക, നഗരങ്ങളില്‍ സ്ഫോടനങ്ങള്‍ സംഘടിപ്പിക്കുക, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതിനായി യുവാക്കള്‍ക്ക് അല്‍ഖെയ്ദ പരിശീലനങ്ങള്‍ നല്‍കിത്തുടങ്ങിയതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
അല്‍ഖെയ്ദയും അനുബന്ധ സംഘടനകളും പാകിസ്താനിലും അഫ്ഗാനിസ്താനിലും ഇന്ത്യന്‍ മുജാഹിദ്ദീനുകള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങുന്നത് ഇന്ത്യന്‍ ഏജന്‍സികള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.