അൽക്വൈദ, ഐസിസ് എന്നിവരുമായി ബന്ധമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ച വ്യക്തികൾക്ക് പെൻഷൻ നൽകുന്ന ഒരേയൊരു സർക്കാർ പാകിസ്താനിലേതാണെന്ന കാര്യം അംഗീകരിക്കാൻ അവർ തയ്യാറാണോ? ഐക്യരാഷ്ട്ര സഭ തന്നെ ഭീകരരായി മുദ്രകുത്തിയിട്ടുള്ള 130 പേർ ഇപ്പോഴും പാകിസ്ഥാനിൽ ഉണ്ട്. ഉസാമ ബിൻലാദനെ ന്യായീകരിച്ച വിഷയത്തിൽ ഇമ്രാൻ ഖാൻ ന്യൂയോർക്കിലെ ജനങ്ങളോട് മറുപടി നൽകണമെന്നും വിദിശ മൈത്ര പറഞ്ഞു.
പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു രാജ്യതന്ത്രജ്ഞന്‍റെ പ്രസംഗമല്ല, മറിച്ച് യുദ്ധത്തിന്റെ വക്കോളം കാര്യങ്ങൾ എത്തിക്കുന്ന ഒരു വ്യക്തിയുടെ പ്രസംഗമായിരുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദം വ്യവസായമാക്കിയ രാജ്യം എന്തിന് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കണമെന്നും ഇന്ത്യ ചോദിച്ചു.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഇമ്രാന്‍ ഖാന്‍ ചരിത്രം പഠിക്കണമെന്നും പറഞ്ഞ ഇന്ത്യൻ പ്രതിനിധി കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. ജമ്മു കശ്മീരിൽ ഇന്ത്യ എടുത്ത തീരുമാനം അവിടുത്തെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്. ആ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യൻ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു.