ഗര്‍ഭിണികളുടെ എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കും

ശനി, 11 ജൂലൈ 2015 (17:22 IST)
എച്‌ഐവി പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഗര്‍ഭിണികളില്‍ എച്‌ഐവി പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് എച്‌ഐവി ബാധ ഉണ്ടാകാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ പോകുന്നത്. കഴിഞ്ഞവര്‍ഷം രാജ്യത്ത് 97,52,124 ഗര്‍ഭിണികള്‍ക്ക് നടത്തിയ പരിശോധനയില്‍ 1,16,459 ശര്‍ഭസ്ഥ ശിശുക്കള്‍ക്ക് എച്ച്ഐ.വി ബാധ ഉണ്ടായിരുന്നെന്ന് പരിശോധനയില്‍ ബോധ്യമായി.

ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ക്ക കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കം തുടങ്ങിയത്. എന്നാല്‍ നിലവില്‍ രാജ്യത്തെ 95 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോലും എച്ച്‌ഐവി പരിശോധനയ്ക്ക് സംവിധാനം ഇല്ല. ഈ സാഹചര്യത്തില്‍ വീടുകളില്‍ ഗര്‍ഭ പരിരക്ഷ നടത്തുന്ന വയറ്റാട്ടികള്‍ ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തിയാകും പരിശോധന നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

എച്ച്‌ഐവി ബാധിതരായ നവജാത ശിശുക്കളുടെ ജനനം അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ണമായി നിയന്ത്രിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഇന്ത്യക്കാണ് മേല്‍നോട്ട ചുമതല. ഗര്‍ഭാരംഭ സമയത്ത് അമ്മയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയാല്‍ ഗര്‍ഭസ്ഥ ശിശുവിലേക്ക് പടരുന്നത് തടയാന്‍ സാധിക്കുമെന്നതിനാല്‍ രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ നിര്‍ണായക ചുവടുവെയ്പാകുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പോകുന്നത്.

വെബ്ദുനിയ വായിക്കുക