റെയിൽവേ സ്റ്റേഷനിലെത്തിയ കമിതാക്കൾ ആദ്യം ആലിംഗനം ചെയ്തു, പിന്നെ സ്വയം വെടിവെച്ചു; ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു

വ്യാഴം, 23 മാര്‍ച്ച് 2017 (09:25 IST)
പ്രണയബന്ധം തുടര്‍ന്നാല്‍ കുടുംബം ആക്രമിക്കപ്പെടുമെന്ന് ഭയന്ന് കമിതാക്കൾ  ആത്മഹത്യ ചെയ്തു. യു പിയിലെ ഷഹജന്‍പൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഫിറോസ് അഹമ്മദ് എന്ന യുവാവും പതിനെട്ടുകാരിയായ ഗുഞ്ചാ ശര്‍മ്മയുമാണ് സാമുദായിക സംഘര്‍ഷം ഭയന്ന് ജീവനൊടുക്കിയത്.
 
ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലെത്തിയ ഫിറോസും ഗുഞ്ചായും പരസ്പരം ആലിംഗനം ചെയ്താണ് മരണംവരിച്ചത്. സ്റ്റേഷനിലെത്തിയ ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുകയും ശേഷം ഗുഞ്ചായുടെ ശിരസിലേക്ക് നിറയൊഴിച്ച ഫിറോസ് ഉടന്‍തന്നെ സ്വന്തം തലയിലേക്കും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. 
 
വ്യത്യസ്ത മതത്തില്‍പ്പെട്ടവരായിരുന്നു ഇരു‌വരും. ഇതിനാല്‍ കമിതാക്കള്‍ ഏറെ നാളായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അടുപ്പക്കാര്‍ പറയുന്നു. വ്യത്യസ്ത മതത്തില്‍ പെട്ടവരായതിനാല്‍ വിവാഹത്തിന് ശേഷം തങ്ങള്‍ക്കും വീട്ടുകാര്‍ക്കും സമൂഹത്തില്‍ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ല എന്ന് അവര്‍ പറയാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക