ഹിന്ദി മറന്നാല്‍ അത് രാജ്യത്തിന് നഷ്‌ടമാണെന്ന് പ്രധാനമന്ത്രി; താന്‍ ഹിന്ദി പഠിച്ചത് ചായ വില്പനയ്ക്കിടെ

വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (17:12 IST)
നമ്മള്‍ ഹിന്ദി മറക്കുകയാണെങ്കില്‍ അത് രാജ്യത്തിന് ഒരു നഷ്‌ടമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭോപ്പാലില്‍ നടക്കുന്ന ലോക ഹിന്ദി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത ചായ വിറ്റു നടന്നിരുന്ന സമയത്താണ് താന്‍ ഹിന്ദി നന്നായി പഠിച്ചതെന്നും മോഡി പറഞ്ഞു.
 
വരും കാലങ്ങളില്‍ മൂന്നു ഭാഷകള്‍ ആയിരിക്കും ഡിജിറ്റല്‍ ലോകത്തെ സ്വാധീനിക്കുക. ഇംഗ്ലീഷ്, ചൈനീസ്, ഹിന്ദി എന്നീ ഭാഷകള്‍ ആയിരിക്കും അത്. നിലവില്‍ ലോകത്തില്‍ ഏകദേശം ആറായിരം ഭാഷകളാണുള്ളത്. ഇതില്‍ 90 ശതമാനം ഭാഷകള്‍ക്കും 21 ആം നൂറ്റാണ്ട് അവസാനിക്കുന്നതോടെ മരണമണി മുഴങ്ങും. ഭാഷകള്‍ വംശനാശം സംഭവിക്കാന്‍ കാരണം ഭാഷയോടുള്ള അവഗണനയാണെന്നും മോഡി പറഞ്ഞു. 
 
സംസ്കൃത ഭാഷയ്ക്ക് സംഭവിച്ചതും മറിച്ചൊരു അവസ്ഥയല്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംസ്കൃത ഭാഷയില്‍ എഴുതപ്പെട്ട അമൂല്യ ഗ്രന്ഥങ്ങള്‍ വായിച്ചെടുക്കാന്‍ ഇന്ന് പുരാവസ്തു ഗവേഷകരുടെ സഹായം തേടേണ്ട അവസ്ഥയായിരിക്കുന്നു.
 
ഭാഷകളുടെ നിലനില്‍പ്പ് ലോകത്തിന് ആവശ്യമാണെന്നും മോദി പറഞ്ഞു.  തങ്ങളുടെ ഭാഷകള്‍ക്ക് നിലനില്‍പ്പില്ലെന്ന സത്യം ലോകം അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ ലോകം മുഴുവന്‍ ഹിന്ദിക്ക് പ്രചാരമുണ്ടെന്നും ഇതില്‍ മുഖ്യപങ്കു വഹിക്കാന്‍ ബോളിവുഡ് ചലച്ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക