ഹിമാചല്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന്‌ എട്ടു പേര്‍ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2015 (19:47 IST)
ഹിമാചല്‍പ്രദേശിലെ കുളുവില്‍ മണ്ണിടിച്ചിലില്‍ കെട്ടിടം തകര്‍ന്ന്‌ എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ചരിത്രപ്രസിദ്ധമായ മണികരണ്‍ സാഹിബ്‌ ഗുരുധ്വാരയ്ക്കു സമീപമായിരുന്നു സംഭവം. മൂന്നു നിലക്കെട്ടിടമാണ്‌ തകര്‍ന്നു വീണത്‌.

സംഭവം നടക്കുമ്പോള്‍ നിരവധി പേര്‍ കെട്ടിടത്തിലുണ്‌ടായിരുന്നു. വലിയ പാറക്കഷണങ്ങള്‍ കെട്ടിടത്തിനു മുകളിലേക്ക്‌ വീഴുന്ന ശബ്‌ദംകേട്ട്‌ ആളുകള്‍ പുറത്തേയ്ക്ക്‌ ഓടിരക്ഷപ്പെട്ടു. എന്നാല്‍ നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കുളുവിലെ സോണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഏഴു പേരുടെ നിലഗുരുതരമാണ്‌.