പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞതിന് ഹിമാചല്‍ സര്‍ക്കാരിന് നോട്ടീസ്

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2014 (14:51 IST)
പെണ്‍കുഞ്ഞുങ്ങളുടെ എന്നാത്തില്‍ വ്യാപകമായ കുറവുണ്ടായതിനേ തുടര്‍ന്ന് ഹിമാചല്‍ സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണമാവശ്യപ്പെട്ടു. ഹിമാചല്‍ പ്രദേശിലേ ഉനാ ജില്ലയില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു എന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.

ഉനാ ജില്ലയിലെ 25 പഞ്ചായത്തുകളിലെ ഈ സ്ഥിതി മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുപ്രകാരം ആയിരം ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം അഞ്ഞൂറ് മാത്രമാണ്. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തുന്നു.

ഇവിടങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനം തടയാന്‍ വ്യാപകമായി ഭ്രൂണഹത്യ നടക്കുന്നതായിട്ടാണ് സൂചനകള്‍. ഇതിനാല്‍ ആയിരം ആണ്‍കുഞ്ഞുങ്ങള്‍ക്ക് അഞ്ഞൂറ് പെണ്‍കുഞ്ഞുങ്ങള്‍ എന്ന അനുപാതം പോലും ഇവിടെ ചില പഞ്ചായത്തുകളിലില്ല. ഇതേക്കുറിച്ച് പഠിച്ച് നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.