കോടതി ഉത്തരവിനെ തുടര്‍ന്ന് ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞു; ശാനി ഷിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥ

ശനി, 2 ഏപ്രില്‍ 2016 (19:10 IST)
കോടതിവിധിയെ തുടര്‍ന്ന് മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗര്‍ ശനി ഷിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയ സ്ത്രീകളെ ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും തടഞ്ഞു. സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു സ്ത്രീകള്‍ എത്തിയത്. സ്ത്രീകളെ തടഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് നേരീയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
 
സാമൂഹികപ്രവർത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ 25 വനിതകളാണ് ക്ഷേത്രത്തിൽ പ്രവേശിക്കാന്‍ എത്തിയത്. എന്നാൽ ശ്രീകോവിലിനു മുന്നിൽ പ്രാർഥിക്കാനുള്ള  ശ്രമം സ്ത്രീകള്‍ ഉൾപ്പെടെയുള്ള നാട്ടുകാർ തടയുകയായിരുന്നു.
 
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതിനെ തുടർന്ന്  തൃപ്തി ദേശായി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, സുരക്ഷ ഒരുക്കേണ്ട പൊലീസ് തങ്ങള്‍ക്കെതിരെ ഉണ്ടായ കയ്യേറ്റം നോക്കിനിന്നെന്ന് തൃപ്‌തി ദേശായി ആരോപിച്ചു.
 
ക്ഷേത്ര പ്രവേശനം വിലക്കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സ്ത്രീ പ്രവേശനം ഉറപ്പാക്കാന്‍ മുംബൈ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ആചാരപ്രകാരം സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റാനാവില്ലെന്നാണ് നാട്ടുകാരുടെ വിശദീകരണം.  പ്രവേശനം വിലക്കിയത് വിവേചനമാണെന്ന് ബോംബൈ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക