പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച രാത്രി മുതല്‍ ഹാര്‍ദികിനെ കാണാതായിരുന്നു. തുടര്‍ന്ന്, സുരേന്ദ്രനഗറിലെ ധ്രാങ്ക്ധരയിലാണ് ഹാര്‍ദികിനെ കണ്ടെത്തിയത്.
നിരോധന ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ ഹാര്‍ദികിനും 20 പേര്‍ക്കും എതിരെ കേസ് എടുത്തിരുന്നു.
അതേസമയം, ആരവല്ലിയിലെ ബയാഡിലൂടെ കാറില്‍ പോകുമ്പോള്‍ ആയുധങ്ങളുമായെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നാണ് ഹാര്‍ദിക് പറഞ്ഞത്.
തന്നെ തട്ടിക്കൊണ്ടുപോയവര്‍ പ്രക്ഷോഭം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന് രാത്രി മുഴുവന്‍ ഭീഷണിപ്പെടുത്തിയതായും പട്ടേല്‍ പറഞ്ഞു. തുടര്‍ച്ചയായ ഭീഷണികള്‍ക്കു ശേഷം പിന്നീട് ധ്രാങ്ക്ധരയില്‍ ഇറക്കിവിടുകയായിരുന്നു എന്നും പട്ടേല്‍ പറഞ്ഞു.
വ്യാഴാഴ്ചയ്ക്കകം ഹാര്‍ദികിനെ കണ്ടെത്തണമെന്ന് ഗുജറാത്ത് ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ഹാര്‍ദികിനെ പൊലീസ് നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്ന അഭിഭാഷകന്‍ ബി എം മന്‍ഗുകിയയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.