സിയാച്ചിനിലെ മഞ്ഞിനടിയിൽ നിന്ന് ആറു ദിവസങ്ങൾക്കുശേഷം രക്ഷപെടുത്തിയ ലാൻസ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഡൽഹി ആർമി റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ 11.45 ഓടെയായിരുന്നു അന്ത്യം. വൃക്ക, കരള്‍ എന്നിവയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതേതുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതും കടുത്ത ശ്വാസ തടസവുമായിരുന്നു മരണത്തിന് കാരണമായത്. ഹനുമന്തപ്പയുടെ വൃക്കകളും കരളും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്സിജൻ പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നില്ല.
സിയാച്ചിനിൽ 20,500 അടി ഉയരത്തിൽ മൈനസ് 45 ഡിഗ്രി ശൈത്യത്തിൽ മഞ്ഞുമലയ്ക്കു കീഴിൽ 30 അടി താഴെ ആറുദിവസം കഴിഞ്ഞശേഷമാണ് ഹനുമന്തപ്പയെ രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു.