ഹൈദരാബാദിലെ കിഷന്‍ബാഗില്‍ വര്‍ഗീയ കലാപത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആന്ധ്രാ ഗവര്‍ണര്‍ ഇഎസ്‌എല്‍ നരസിംഹ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങള്‍ക്ക് സര്‍ക്കാര്‍ ആറുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പഴയ ഹൈദരാബാദിലെ കിഷന്‍ബാഗില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം അടിച്ചമര്‍ത്താന്‍ പൊലീസ് വെടിവയ്പ്പ് നടത്തിയത്. വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും എട്ടോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഒരു മതവിഭാഗത്തിന്റെ കൊടി മറുവിഭാഗം കത്തിച്ചതാണ് സംഘര്‍ഷങ്ങള്‍ക്കു തുടക്കം. സംഘര്‍ഷത്തെ തുടര്‍ന്ന് കിഷന്‍ബാഗ് മേഖലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ രണ്ടാം ദിവസവും തുടരുകയാണ്. ദ്രുതകര്‍മ സേനയും പാരാമിലിട്ടറിയുമടക്കം വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തു വിന്യസിച്ചിരിക്കുന്നത്.