ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കാനായി മുസ്ലീം സമുദായത്തിലെ പുരുഷന്മാര്‍ ഖുറാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ഗുജറാത്ത് ഹൈക്കോടതി കുറ്റപ്പെടുത്തി. നല്ല ഉദ്ദേശത്തോടു കൂടിയാണ് ഖുറാനില്‍ ബഹുഭാര്യാത്വം അനുവദിച്ചത്. അതുതന്നെ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളതുതാനും.
എന്നാല്‍ സ്വാര്‍ഥ താല്‍പ്പര്യത്തിനായി പുരുഷന്മാര്‍ ഇത് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കോടതി പറഞ്ഞു. പുരുഷന്മാര്‍ നാലു കെട്ടാമെന്നത് മുസ്ലീം പുരുഷന്മാരുടെ മൗലികാവകാശമല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു. രണ്ടാം വിവാഹത്തിന് ശ്രമിക്കുന്നതിനെതിരെ ഭാര്യ നല്‍കിയ പരാതിയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജാഫര്‍ അബ്ബാസ് മര്‍ച്ചന്റ് എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ഭാര്യയോട് മോശമായി പെരുമാറണമെന്നും ഭാര്യയെ അടിച്ചിറക്കി രണ്ടാമതൊന്ന് കെട്ടണമെന്നും മുസ്ലിം വ്യക്തി നിയമത്തില്‍ പറയുന്നില്ല. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ രാജ്യത്ത് ഒരു നിയമമില്ല. ഇത്തരം കാര്യങ്ങള്‍ ഭരണഘടനാലംഘനമാണെന്നും ഒരു ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യതകയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും കോടതി പറഞ്ഞു. ഇവിടെ ഒരു ഏകീകൃത സിവില്‍ കോഡ് നിലവിലില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്-കോടതി പറഞ്ഞു.
എങ്കിലും, മുസ്ലീം വ്യക്തിനിയമം അനുസരിച്ച് ജാഫറിന് ഒന്നില്‍ കൂടുതല്‍ പേരെ വിവാഹം കഴിക്കാം എന്ന കാരണം ചൂണ്ടിക്കാട്ടി ജാഫറിനെതിരെ എഫ്ഐആറില്‍ ചുമത്തിയ ഐപിസി 494 വകുപ്പ് ഹൈക്കോടതി ഒഴിവാക്കി. ഇതല്ലാതെ കോടതിക്ക് വേറെ പോംവഴിയില്ലെന്നും ജസ്റ്റിസ് ജെബി. പാര്‍ഡിവാല വിധിന്യായത്തില്‍ പറഞ്ഞു.