കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് പാസാകണമെങ്കിൽ പഞ്ചാബി ഭാഷ നിർബന്ധം!

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2025 (17:26 IST)
സ്‌കൂളുകളില്‍ പഞ്ചാബി ഭാഷ പഠനം നിര്‍ബന്ധമാക്കി പഞ്ചാബ് സര്‍ക്കാര്‍. സിബിഎസ്ഇ ഉള്‍പ്പടെയുള്ള എല്ലാ ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളിലും പഞ്ചാബി ഭാഷ പ്രധാനവിഷയമായി പഠിച്ചെങ്കില്‍ മാത്രമെ പത്താം ക്ലാസ് പാസായതായി കണക്കാക്കു എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
 
 കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സിബിഎസ്ഇയുടെ കരട് പരീക്ഷ ചട്ടം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കരട് ചട്ടത്തില്‍ പത്താം ക്ലാസില്‍ പഠിക്കേണ്ട വിഷയങ്ങളില്‍ നിന്നും പഞ്ചാബി ഭാഷയെ ഒഴിവാക്കിയിരുന്നു. ഇത്തരം നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കുല്ലെന്ന് പഞ്ചാബ് വിദ്യഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബയില്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബി പ്രധാനവിഷയമായി പഠിച്ചില്ലെങ്കില്‍ ഏത് ബോര്‍ഡിന് കീഴിലായാലും പത്താം ക്ലാസ് പാസായതായി കണക്കാക്കില്ലെന്നും ഉത്തരവ് പാലിക്കാത്ത സ്‌കൂളുകള്‍ 2008ലെ പഞ്ചാബ് ലേണിംഗ് ഓഫ് പഞ്ചാബി ആന്‍ഡ് അദര്‍ ലാംഗ്വേജസ് ആക്റ്റ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്നുമാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്.
 
 കഴിഞ്ഞ ദിവസം തെലങ്കാനയും സമാനമായ തീരുമാനമെടുത്തിരുന്നു. സംസ്ഥാനത്തെ സിബിഎസ്ഇ ഉള്‍പ്പടെയുള്ള എല്ലാ സ്‌കൂളുകളിലും തെലുങ്ക് നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു. പുതിയ ദേശീയ വിദ്യഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് ആരോപിച്ച് തമിഴ്നാട് സര്‍ക്കാറായിരുന്നു കേന്ദ്രത്തിനെതിരെ ഭാഷയുദ്ധത്തിന് തുടക്കമിട്ടത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍