ഡല്‍ഹി: നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണസംഘം യുഎയിലേക്ക്. അന്വേഷണത്തിനായി യുഎഇയിലേയ്ക്ക് തിരിയ്ക്കാൻ എൻഐഎ സംഘത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിനാണ് എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകുന്നത്. എസ് പി അടക്കമുള്ള രണ്ടംഗസംഘമാണ് ദുബായിലേക്ക് പോവുക.
അന്വേഷണം ദുബായിലേയ്ക്ക് വ്യാപിപ്പിയ്ക്കനുള്ള നീക്കങ്ങൾ എൻഐഎ നേരത്തെ ആരംഭിച്ചിരുന്നു. ഇതിനായി ആഭ്യന്തര മന്ത്രാലയത്തോട് എൻഐഎ അനുമതി തേടുകയായിരുന്നു. ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഫൈസല്‍ ഫരീദിനെ വിശദമായ ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം. ഫൈസല്‍ ഫരീദിന്റെ പാസ്സ്‌പോര്‍ട്ട് ആഭ്യന്തരമന്ത്രാലയം നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.