മുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു. വെള്ളം ഒഴുക്കി കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് കേരളം

ശനി, 8 ഓഗസ്റ്റ് 2020 (15:53 IST)
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് അതിവേഗം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ ജലം ഒഴുക്കിക്കൊണ്ടുപോകണം എന്ന് തമിഴ്നോടിനോട് ആവശ്യപ്പെട്ട് കേരള സർക്കാർ. ജലനിരപ്പ് 136 അടിയെത്തുന്ന ഘട്ടത്തിൽ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുപോകാനും പുറത്തേയ്ക്ക് ഒഴുക്കി വിടാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം എന്ന് ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
 
ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും കേരള സർക്കാരിനെ വിവരം അറിയിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കനത്ത പെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി. അതിവേഗമാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നത്. ഓഗസ്റ്റ് മൂന്നിന് 116.20 അടി ആയിരുന്നു ജലനിരപ്പ് എങ്കിൽ ഏഴാം തീയതി ആയപ്പോഴേക്കും ഇത് 131.25 അടിയായി ഉയർന്നു. 13,257 ക്യൂസെക്സ് ജലമാണ് മുല്ലപ്പെറിയാറിലേയ്ക്ക് എത്തുന്നത്. ടണൽ വഴി 1,650 ക്യൂസെക്സ് വെള്ളം മാത്രമേ പുറത്തുകൊണ്ടുപോകാനാകു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍