ബിജെപിക്കു ആശ്വാസം: ഗോവയിൽ വിശ്വാസ വോട്ട് നേടി സാവന്ത് സർക്കാർ, 20 എംഎൽഎമാർ പിന്തുണച്ചു

ബുധന്‍, 20 മാര്‍ച്ച് 2019 (14:21 IST)
ഗോവയില്‍ മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം ഗോവയില്‍ അധികാരമേറ്റെടുത്ത ബിജെപിയുടെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 20 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചത്. 15 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു
 
രണ്ടു സഖ്യകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയും, കൂറു മാറുമെന്ന് ഭയന്ന അഞ്ച് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയുമാണ് ബിജെപി വിശ്വാസ വോട്ടെടുപ്പ് നേരിട്ടത്.
 
ബിജെപി – 12, ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) – 3, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) – 3, സ്വതന്ത്രർ – 3. കോൺഗ്രസ് 14 , എൻസിപി- 1 എന്നിങ്ങനെയാണ് ഗോവ നിയമസഭയിലെ കക്ഷി നില
 
മാരത്തൺ ചർച്ചകൾക്കും സഖ്യകക്ഷികളുടെ വില പേശലിനും ശേഷം ചൊവ്വാഴ്ച പുലർച്ചെ 1.50നായിരുന്നു പ്രമോദ് സാവന്തിന്റെ സത്യപ്രതിജ്ഞ. മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന സഖ്യകക്ഷികളുടെ ആവശ്യം ബിജെപി അംഗീകരിച്ചു. 12 അംഗ മന്ത്രിസഭയാണു ചുമതലയേറ്റത്.
 
മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ ഗോവന്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കിയിരുന്നു. നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. പരീക്കറുടെ മരണത്തോടെ ഗോവയില്‍ ബിജെപി സഖ്യം ഇല്ലാതായെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ 14 എംഎല്‍എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍