ഹാക്കര്‍മാര്‍ തകര്‍ത്ത ഔദ്യോഗിക വെബ്‌സൈറ്റ് 15 ദിവസം കഴിഞ്ഞും പുനസ്ഥാപിക്കാനാകാതെ ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സജീവമായ സമയത്ത് വെബ്‌സൈറ്റിനുണ്ടായ സുരക്ഷാ വീഴ്ച്ച പരിഹരിക്കാന്‍ സാധിക്കാത്തതില്‍ പാര്‍ട്ടിയുടെ അകത്ത് നിന്ന് തന്നെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത്രയും ദിവസമായിട്ടും സൈറ്റ് ശരിയാക്കാത്തിൽ വ്യാപക പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഉയരുന്നത്.
വെബ്‌സൈറ്റിലെ പോരായ്മകള്‍ പരിഹരിച്ച് മികച്ച രീതിയില്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അതിനാലാണ് വെബ്‌സൈറ്റ് വൈകുന്നതെന്നുമാണ് ബിജെപി ഐടി സെല്ലിന്റെ നേതൃനിരയിലുള്ളവര്‍ പറയുന്നത്. പക്ഷെ, വെബ്‌സൈറ്റ് എന്നുമുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും എന്ന കാര്യത്തില്‍ ബിജെപി നേതാക്കള്‍ക്ക് വ്യക്തമായ ഉത്തരമില്ല.
മാര്‍ച്ച് അഞ്ചാം തീയതിയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തത്. ബിജെപി ഡോട്ട് ഓര്‍ഗ് ഹാക്ക് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെബ്‌സൈറ്റിലെ വിവരങ്ങള്‍ മുഴുവന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ടാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹാക്കിങ്ങിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല.
സൈറ്റില്‍ കയറുമ്പോള്‍ ഹോം പേജിന് പകരം 'തങ്ങള്‍ ഉടന്‍ തിരിച്ചുവരുമെന്ന' വെബ് സൈറ്റ് അഡ്മിന്റെ അറിയിപ്പാണ് നിലവില്‍ കാണാന്‍ കഴിയുന്നത്. തടസം നേരിട്ടതില്‍ ഖേദിക്കുന്നു, ഞങ്ങള്‍ ഇപ്പോള്‍ സൈറ്റിന്റെ അറ്റകുറ്റപണിയിലാണ് ,ഉടനെ തന്നെ തിരിച്ചുവരും തുടങ്ങിയ സന്ദേശങ്ങളും അഡ്മിന്റെ അറിയിപ്പില്‍ ഉണ്ട്.