ഒടുവില്‍ ഗിലാനി എഴുതി 'ഞാന്‍ ഇന്ത്യാക്കാരന്‍'...!

Webdunia
വെള്ളി, 5 ജൂണ്‍ 2015 (15:48 IST)
ഒടുവില്‍ ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കൊണ്ട് ശ്രദ്ദേയനായ കശ്മീര്‍ വിഘടനവാദി നേതാവ് സയ്യീദ് അലി ഷാ ഗിലാനി താന്‍ ഇന്ത്യാക്കാരന്‍ എന്ന് സമ്മതിച്ചു. പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷാഫോറത്തിലെ പൗരത്വ കോളത്തില്‍ ഇദ്ദേഹം ഇന്ത്യക്കാരന്‍ എന്ന് രേഖപ്പെടുത്തുകയായിരുന്നു. സൗദിയില്‍ സുഖമില്ലാതെ കിടക്കുന്ന മകളെ കാണാനാണ് ഗിലാനി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.

അതേസമയം ഇന്ത്യക്കാരന്‍ എന്ന് രേഖപ്പെടുത്തുകയും പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങിയ പാടെ താന്‍ ജന്‍മം കൊണ്ട് വിദേശിയാണെന്നും ഇന്ത്യക്കാരന്‍ എന്ന് രേഖപ്പെടുത്താന്‍ നിര്‍ബന്ധിതനായതാണെന്നും പറഞ്ഞ ഗിലാനിയുടെ പ്രതികരണം വിവാദമായി. ഗിലാനിക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ വൈകുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു.

പാസ്‌പോര്‍ട്ടിനായി ഗിലാനി നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷ അപൂര്‍ണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനൊടുവിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി രാവിലെ 10. 15 ന് ശ്രീനഗറിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ഗിലാനിക്ക് അപ്പോയിന്റ്‌മെന്റ് നല്‍കിയത്.  എന്നാല്‍ പുറത്തിറങ്ങിയപാടെ ഇയാള്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ചത് വിവാദമായിട്ടുണ്ട്.

അതേസമയം ഗിലാനിയുടെ വാക്കുകളെ ന്യായീകരിച്ച് മറ്റ് വിഘടനവാദി നേതാക്കളും രംഗത്തെത്തി. കശ്മീരികള്‍ക്ക് വിദേശത്ത് പോകണമെങ്കില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധിതമാണെന്നും അതിനാലാണ് ഇന്ത്യക്കാരനെന്ന് എഴുതേണ്ടി വന്നതെന്നും ഹൂറിയത് കോണ്‍ഫറന്‍സ് വക്താവ് പറഞ്ഞു. വിവാദമായ നിലപാട് ആവര്‍ത്തിച്ചതോടെ ഗിലാനിക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നതിനെതിരേ വീണ്ടും പൊതുവികാരം ഉണര്‍ന്നിട്ടുണ്ട്.