മുൻ ക്യാപ്ടൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാക്കുന്ന കാര്യത്തിൽ തീരുമാനം ഇനിയും വൈകുമെന്ന് സൂചന. വിഷയത്തൊട് ഗാംഗുലി ഇതുവരെ പ്രതികരിച്ചിട്ടില്ലാത്തതിനാലാണ് തീരുമാനം വൈകുന്നത്. അതേസമയം വിഷയത്തില്‍ ഒരു തീരുമാനവും തങ്ങള്‍ എടുത്തിട്ടില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂർ വെളിപ്പെടുത്തി.
സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ മഹത്തരമാണ്. ഗാംഗുലിയുടെ കാര്യത്തിൽ അൽപം കൂടി കാത്തിരിക്കുകയാണ് വേണ്ടത്. എന്തു തീരുമാനം കൈക്കൊണ്ടാലും അത് ഇന്ത്യൻ ടീമിന്റെ താൽപര്യം പരിഗണിച്ചുള്ളതായിരിക്കും- ഐ.പി.എൽ ഭരണസമിതി യോഗത്തിനു ശേഷം താക്കൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗാംഗുലിയെ ഇന്ത്യൻ ടീമിന്റെ ഉപദേശ സമിതി അദ്ധ്യക്ഷനോ, പെർഫോമൻസ് മാനേജരോ ആക്കുമെന്നും റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ബിസിസിഐയുടെ വിശദീകരണം.