മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന കേരള ബിജെപി ഘടകത്തിന്റേത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍.
കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കുള്ള പരിസ്ഥിതി അനുമതിക്കു കാലതാമസമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നു ജാവഡേക്കര്‍ പറഞ്ഞു. ഊര്‍ജ, കല്‍ക്കരി മന്ത്രിമാരുമായി ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്‌തു. പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്കു പോലും പരിസ്ഥിതി അനുമതി നിഷേധിക്കപ്പെടുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
വികസനവും പരിസ്ഥിതിയും പരസ്പരം പൊരുത്തപ്പെടാത്ത വിഷയങ്ങളായി കണക്കാക്കുന്നില്ല. സുസ്ഥിര വികസനമുണ്ടായാലേ പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നു ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു.
മാധവ് ഗാഡ്ഗിലുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹവുമായി ആശയവിനിമയം പതിവാണെന്നും പുണെ നിവാസികളായതിനാല്‍ തങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ടെന്നും ജാവഡേക്കര്‍ പറഞ്ഞു.