അണികള്‍ പറഞ്ഞപ്പോള്‍ ശശികല എതിര്‍ത്തില്ല; ജനറല്‍ സെക്രട്ടറി ആരെന്ന് പാര്‍ട്ടിവക്താവ് പ്രഖ്യാപിച്ചു

വ്യാഴം, 15 ഡിസം‌ബര്‍ 2016 (14:59 IST)
അണികള്‍ ഒരുമിച്ച് ഒരേ ആവശ്യം ഉന്നയിച്ചപ്പോള്‍ ചിന്നമ്മയ്ക്ക് അത് തള്ളിക്കളയാന്‍ കഴിഞ്ഞില്ല. അണ്ണാ ഡി എം കെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു. പാര്‍ട്ടിവക്താവ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. 54 വയസ്സുള്ള ശശികല നിലവില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഒന്നും വഹിക്കുന്നില്ല.
 
പാര്‍ട്ടി വക്താവ് പൊന്നയ്യന്‍ ശശികല ജനറല്‍ സെക്രട്ടറിയാകുമെന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. നേതൃസ്ഥാനത്തേക്ക് അവരെ കൊണ്ടുവരുന്നതിന് പാര്‍ട്ടി ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്തുമെന്നും പൊന്നയ്യന്‍ മാധ്യമങ്ങളെ അറിയിച്ചു.
 
ജയലളിതയുടെ ഉള്‍ക്കരുത്ത് ആയി അവരോടൊപ്പ്ം ഉണ്ടായിരുന്നവര്‍ ആണ് ശശികല. അതുകൊണ്ട്, അവര്‍ തന്നെയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരേണ്ടത്. ശശികല പാര്‍ട്ടിയെ നയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും പൊന്നയ്യന്‍ പറഞ്ഞു.
 
ജയലളിതയുടെ മരണശേഷം അവരുടെ വസതിയായ ചെന്നൈ പോയസ്​ ഗാര്‍ഡനിലാണ്​ ശശികല താമസിക്കുന്നത്​. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന്​ പാര്‍ട്ടി നേതാക്കളും പോഷക സംഘടനാ നേതാക്കളും പോയസ്​ ഗാര്‍ഡനിലെത്തി ശശിക​ലയോട്​ ആവശ്യപ്പെട്ടിരുന്നു. ശശികലയെയാണ്​ നേതൃസ്ഥാനത്തേക്ക്​ പരിഗണിക്കുന്നതെന്ന്​ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും അഭിപ്രായപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക