കർണാടക മുൻ മുഖ്യമന്ത്രിമാരായ സിദ്ധാരാമയ്യക്കും കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹ കേസ്

അഭിറാം മനോഹർ

വെള്ളി, 29 നവം‌ബര്‍ 2019 (11:59 IST)
കർണാടക മുൻ മുഖ്യമന്ത്രിയായ സിദ്ധാരാമയ്യക്കും എച്ച് ഡി കുമാരസ്വാമിക്കുമെതിരെ ബാംഗ്ലൂർ പോലീസ് രാജ്യദ്രോഹകുറ്റത്തിന് കേസ് ചുമത്തി കേസെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
 
കർണാടകയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ ഡി കെ ശിവകുമാർ,പരമേശ്വര,ഗുണ്ടു റാവു,മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും രാജ്യദ്രോഹത്തിന് കേസ് ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന,രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കോടതി നിർദേശപ്രകാരമാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
 
പൊതുപ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന എ.മല്ലികാര്‍ജുന്‍ എന്നയാളാണ് കേസിനാസ്പദമായ പരാതി നൽകിയിരിക്കുന്നത്. ആദായ നികുതി വകുപ്പ് ബി ജെ പിയുടെ ഏജെന്റാണെന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയെന്നും ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം  സൃഷ്ടിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. രാജ്യദ്രോഹ കുറ്റങ്ങൾ നടക്കുന്നത് കണ്ടിട്ടും ബാംഗ്ലൂർ പോലീസ് കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതിയിലാണ് പോലീസുകാർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍