നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്‍ വെറും ഫോട്ടോഷൂട്ടാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ അടിത്തറ ഇളക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തഞ്ചാം പിറന്നാളിന് മുന്നോടിയായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ദേശീയ നേതാക്കളുടെ പിറന്നാളുകള്‍ ആഘോഷിക്കുന്നതില്‍ മത്സരിക്കുകയാണ് ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിക്കൊപ്പം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി എന്‍ ഡി എ സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് നെഹ്‌റുവിന്റെ ജന്മദിനം കോണ്‍ഗ്രസ് മുന്‍പെങ്ങും ഇല്ലാത്ത വിധം ആഘോഷിക്കുന്നത്.
സി പി എം നേതാവ് പ്രകാശ് കാരാട്ട്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും മറ്റും സോണിയാ ഗാന്ധി നെഹ്‌റു ജന്മദിനാഘോഷങ്ങള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയോ എന്‍ഡിഎ നേതാക്കളെയോ കോണ്‍ഗ്രസ് പരിപാടിക്ക് ക്ഷണിച്ചിട്ടില്ല.