തകര്‍ത്തു പെയ്യുന്ന മഴയിലും പ്രളയത്തിലും തമിഴ്‌നാട് തളര്‍ന്നു നില്‍ക്കുകയാണ്. ചെന്നൈ അടക്കമുള്ള തീരദേശപ്രദേശങ്ങളില്‍ ജനജീവിതം സ്തംഭിച്ച നിലയിലാണ്. അതേസമയം, പ്രളയത്തില്‍ ഇതുവരെ മരണം 251 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34.5 സെന്റി മീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ സംസ്ഥാനം കടന്നു പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡുകളിലും റയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയിരിക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ വെള്ളം കയറിയതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. ഡിസംബര്‍ ആറു വരെ വിമാനത്താവളം അടച്ചിടുമെന്ന് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
അതേസമയം, മൊബൈല്‍ നെറ്റ്‌വര്‍ക്ക് തകരാറിലായത് ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കി. അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
ദേശീയ ദുരന്ത നിവാരണ സമിതി പത്തു ടീമുകളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 72, 119 ആളുകളോളം ഉണ്ട്.