വിദേശകപ്പലുകളെ ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനത്തിന് അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Webdunia
ബുധന്‍, 13 മെയ് 2015 (15:24 IST)
ഏറെ വിവാദമായ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. വിദേശ മീന്‍പിടുത്ത കപ്പലുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കണമെന്ന് മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞത്.  കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിയ കേന്ദ്രസര്‍ക്കാര്‍ വിദേശകപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരസംരക്ഷണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് പുറത്തിറക്കിയ കുറിപ്പില്‍ കേന്ദ്ര കൃഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും വിദേശ കപ്പലുകള്‍ ഇന്ത്യന്‍ കടലില്‍ അനധികൃതമായി മത്സ്യബന്ധനത്തിനു തുനിഞ്ഞാല്‍ തീരസംരക്ഷണ സേന അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കപ്പല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നും കുറിപ്പില്‍ വ്യക്താക്കിയിട്ടുണ്ട്.  ഇതിനു പുറമെ ഇന്ത്യയുടെ അധികാര പരിധിയില്‍ വരുന്ന സമുദ്രത്തില്‍ മണ്‍സൂണ്‍ കാലത്ത് 61 ദിവസത്തെ മീന്‍പിടിത്ത നിരോധനം നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ സമുദ്രത്തിന്‍റെ 12 നോട്ടിക്കല്‍ മൈല്‍വരെ മീന്‍പിടിത്തം നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം ഈ തീരുമാനം മുന്നോട്ട് വച്ചത്.  മത്സ്യോല്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറന്‍ തീരത്ത് ജൂണ്‍ ഒന്നു മുതല്‍ 61 ദിവസത്തേക്ക് മത്സ്യബന്ധനം നടപ്പാക്കാനുള്ളാ തീരുമാനം കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ അംഗീകരിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.