തമിഴൻ എന്ന നിലയിൽ എന്ത് തോന്നുന്നു?; ചാനല്‍ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (08:29 IST)
രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ 2 ദൗത്യത്തിന് അവസാന നിമിഷത്തിലെ പിഴവ് വന്നെങ്കിലും ഇപ്പോള്‍ രാജ്യത്തിന്‍റെ ഹീറോയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലിന് നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്. താങ്കൾക്ക് ഒരു തമിഴനെന്ന നിലയില്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചോദ്യത്തിന് താന്‍ ആദ്യം ഇന്ത്യക്കാരനാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
 
ഇന്ത്യക്കാരൻ എന്ന നിലയിലാണ് താന്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് അതെന്നും അദ്ദേഹം പറഞ്ഞു. കേവലം പ്രാദേശിക വാദത്തിനപ്പുറം താന്‍ ഒരു ഇന്ത്യക്കാരനാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച കെ ശിവനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്.
 
തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയിലെ കാര്‍ഷിക കുടുംബത്തില്‍ നിന്നുള്ള അംഗമാണ് കൈലാസവടിവൂ ശിവന്‍ എന്ന കെ ശിവന്‍. മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1980ല്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം തുടർന്ന് ബാംഗലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയറോസ്‌പേസ് എഞ്ചിനീയറിംഗും 1982ല്‍ ബോംബെ ഐഐടിയില്‍ നിന്ന് എയറോസ്‌പേസ് എഞ്ചിനീയറിംഗില്‍ പിഎച്ച്ഡിയും ഇദ്ദേഹം നേടിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍