ചെന്നൈ എ‌സ്‌ബി‌ഐ ആസ്ഥാനത്ത് വന്‍ അഗ്നിബാധ

Webdunia
ഞായര്‍, 13 ജൂലൈ 2014 (10:16 IST)
ചെന്നൈ പാരീസ് റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ആസ്ഥാന ഓഫീസില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.15 ഓടെയാണ് സംഭവം. എസ്എംഇ ബ്രാഞ്ച്, രാജാജിശാലൈ ബ്രാഞ്ച്, ചെന്നൈ മെയിന്‍ ബ്രാഞ്ച്, എംപ്ലോയീസ് യൂണിയന്‍ ഓഫീസുകള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്. ഏറെ പഴക്കമുള്ള കെട്ടിടം ചെന്നൈ പൈതൃകപ്പട്ടികയിലിടം നേടിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. 
 
വിവരങ്ങള്‍ ശേഖരിച്ച ബാങ്ക് ഡാറ്റാ സര്‍വറിന് തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. അവധി ദിവസമായതിനാല്‍ 20 ഓളം പേര്‍ മാത്രമേ കെട്ടിടത്തിന് ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ല. കെട്ടിടത്തിനകത്തുനിന്ന് പുകഉയരുന്നതു കണ്ട് നാട്ടുകാരാണ് അഗ്നിശമന ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.
 
എന്നാല്‍, അവരെത്തും മുമ്പെ തന്നെ കെട്ടിടത്തിനകത്ത് വ്യാപകമായി തീപടര്‍ന്നിരുന്നു. മരപ്പണികളേറെയുള്ള കെട്ടിടത്തില്‍ കടല്‍ക്കാറ്റ് നേരിട്ടേല്‍ക്കുന്നതും തീപടര്‍ന്നുപിടിക്കാന്‍ കാരണമായി. അമ്പതോളം ഉദ്യോഗസ്ഥര്‍ മൂന്നരമണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ചെന്നൈയുടെ വിവിധഭാഗങ്ങളില്‍നിന്നായി പതിനഞ്ചു അഗ്നിശമനവാഹനങ്ങളും ചെന്നൈ കോര്‍പ്പറേഷന്റെ ജലവിതരണവണ്ടികളും ചേര്‍ന്നാണ് തീയണച്ചത്.