യെമനില്‍ തടവില്‍ കഴിയുന്ന വൈദികന്‍ ഫാ. ടോം ഉഴന്നാലിന്റെ മോചനത്തിനായി ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ടോം ഒരു ഇന്ത്യൻ പൗരനാണ്. അദ്ദേഹത്തിന്റെ പുതിയ വീഡിയോ താന്‍ കണ്ടിരുന്നു. ഒരോ ഇന്ത്യക്കാരന്റെയും ജീവന്‍ വളരെ വിലപ്പെട്ടതാണ്. ഫാ.ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനായുള്ള ഒരു സാധ്യതയും സര്‍ക്കാര്‍ അവഗണിക്കില്ലെന്നും സുഷമ സ്വരാജ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.
ഫാ.ടോമിന്റെ പുതിയ വിഡിയോ സമൂഹമാദ്ധ്യമങ്ങള്‍ വഴി പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രതികരണം. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായും യെമനിലെ പ്രാദേശിക ഭരണകൂടവുമായും കേന്ദ്ര സർക്കാർ സമ്പർക്കത്തിലാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ യെമനിലെ ഇപ്പോഴത്തെ സാഹചര്യംകൂടി പരിഗണിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു.
തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യസഹായം ലഭ്യമാക്കണമെന്നും ഫാദര്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരും രാഷ്ട്രപതിയും തന്നെ മോചിപ്പിക്കുന്നതിന് അടിയന്തിരമായി എന്തെങ്കിലും ചെയ്യണം എന്നും വീഡിയോയിൽ ഫാദർ പറയുന്നുണ്ട്. ഇന്ത്യക്കാരനായതിനാലാണ് തനിക്ക് ഈ ഗതി വന്നതെന്നും ഉഴുന്നാലില്‍ വീഡിയോയില്‍ പറയുന്നു. തന്നോടൊപ്പം ബന്ധിയാക്കിയ ഫ്രഞ്ച് വനിതയെ അവരുടെ സര്‍ക്കാര്‍ മോചിപ്പിച്ചു. യൂറോപ്പ്യൻ വംശജനായിരുന്നെങ്കിൽ തന്നെ ഇത്തരത്തിൽ കഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.