ചർച്ചയില്ലെന്ന് കേന്ദ്രം, കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ സഭ പാസാക്കി

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2021 (12:57 IST)
വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിൽ പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം നടത്തിയെങ്കിലും ഈ ആവശ്യം സ്പീക്കർ തള്ളി. ശബ്ദവോട്ടോടെയാണ് എതിർപ്പുകൾക്കിടയിലും ബിൽ പാസാക്കിയത്.

സഭ രണ്ടുമണി വരേക്കു പിരിഞ്ഞു.കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്ന് തന്നെ രാജ്യസഭ പരിഗണിച്ചേക്കും. ഇതിന് ശേഷം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമം റദ്ദാവും.
 
നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.‌ എന്നാൽ വിഷയത്തിൽ ചർച്ച ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രമെടുത്തത്. ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.
 
നിയമം പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാൽ ചർച്ചയുടെ ആവശ്യമില്ലെ‌ന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഈ മാസം 19-നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്‌.

അനുബന്ധ വാര്‍ത്തകള്‍

Next Article