ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ അഞ്ചംഗ കുടുംബത്തെ സ്‌കൂളിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൃപകര്‍ (35), മോണിക്ക (30), കുട്ടികളായ ഏഞ്ചല്‍ (8), പവിത്ര (4), രാജു (6) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്കൂളിന്റെ മാനേജര്‍ കൃപകറിന്റെ പിതാവായ രാജരത്‌നം ഐസകാണ്. 2013 ഫെബ്രുവരിയിലാണ് കുടുംബത്തേ കാണാതാകുന്നത്. അതേ സമയം മോണിക്കയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തേ തുടര്‍ന്ന് കൃപകര്‍ ഇവരേയും മക്കളേയും കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പൊലീസിന് ഇവരുടെ മൃതദേഹം ലഭിച്ചിരുന്നില്ല. മോണിക്കയേയും മക്കളേയും കൊലപ്പെടുത്തിയ കൃപകര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മോണിക്കയുമായി ബന്ധം പുലര്‍ത്തിയിരുന്ന യുവാവിനെ കൊല്ലാന്‍ കൃപകര്‍ വാടകക്കൊലയാളികളെ ചുമതലപ്പെടുത്തുകയും ചെയ്തു. കൃപകറിന്റെ സഹായി രാമാഞുല്‍ റെഡ്ഢിയില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ അറിഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു.
മരണവിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ സ്‌കൂളിന്റെ ഉടമയും കൃപകറിന്റെ പിതാവുമായ കെ രാജരത്‌നം ഐസക് മകന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് മോണിക്കയുടെ മാതാവ് ആരോപിക്കുന്നത്. ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന ഐസകിനെ പോലീസ് ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് മൃതദേഹങ്ങള്‍ സയന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കണ്ടെത്തിയത്. ജില്ലാ അധികൃതര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടര്‍നടപടികളാരംഭിച്ചു.