'തുള്ള' എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് ഡൽഹി ഹൈക്കോടതി. കഴിഞ്ഞ വര്‍ഷം ജൂലായിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ പൊലീസിനെ തുള്ള എന്ന് വിളിച്ചത്. എന്നാൽ ഇത്തരമൊരു വാക്ക് ഡിക്‌ഷ്ണറിയിൽ ഇല്ലെന്നും അതിനാൽ ഇതിന്റെ അർത്ഥം എന്തെന്ന് വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട കേസ് നേരത്തേ കോടതി പരിഗണിച്ചപ്പോൾ ഈ പരാമശത്തിന്റെ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി അരവിന്ദിന് സമൻസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരായ കെജ്‌രിവാളിനോട് വാക്കിന്റെ അർത്ഥം വിശദമാക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കേസ് ഓഗസ്റ്റ് 21 ന് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകിയിരിക്കണെമെന്നും കോടതി വ്യക്തമാക്കി.
തുള്ള എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നു കാണിച്ച് കോണ്‍സ്റ്റബിള്‍മാരായ കപൂര്‍ സിംഗ് ചികാര, അജയ്കുമാര്‍ തനേജ എന്നിവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസിനെ പരസ്യമായി അപമാനിച്ചുവെന്നായിരുന്നു ഇവരുടെ പരാതിയിൽ പറഞ്ഞിരുന്നത്. പൊലീസുകാരായി മാത്രമല്ല ദില്ലിയിലെ പൗരന്മാരെന്ന നിലയിലും തങ്ങള്‍ അവഹേളിക്കപ്പെട്ടതായി ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.