അശോക ചക്രവര്‍ത്തിയുടെ ജാതി ഏതായാലെന്താ, ബിജെപിക്ക് വോട്ട് കിട്ടിയാല്‍ മാത്രം മതി...!
വ്യാഴം, 21 മെയ് 2015 (14:07 IST)
അശോക ചക്രവര്‍ത്തിയുടെ ജാതിയെ ചൊല്ലി പുതിയ വിവാദം ബിജെപി ഉയര്‍ത്തിവിട്ടു. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബിജെപി പുതിയ ജാതിക്കാര്‍ഡ് കളത്തിലിറക്കിയിരിക്കുന്നത്. ചക്രവര്‍ത്തി കുശവാഹ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നുവെന്ന ബിജെപിയുടെ വാദമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അശോക ചക്രവര്‍ത്തിയുടെ 2320 -ആം ജന്‍മവാര്‍ഷികവുമായി ബന്ധപ്പെട്ട് രാഷ്‌ട്രവാദി കുശവാഹ പരിഷദിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു.
ഈ യോഗത്തില്‍ സംസാരിച്ച കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചാല്‍ അശോക ചക്രവര്‍ത്തിയുടെ സ്‌റ്റാമ്പ് പുറത്തിറക്കുമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സ്‌ഥലത്ത് ചാ്രവര്‍ത്തിയുടെ പ്രതിമ സ്‌ഥാപിക്കുമെന്നും പറഞ്ഞിരുന്നു. പരിഷദിന്റെ കാലങ്ങളായുള്ള വാദമാണ് ചക്രവത്തി കുശവാഹ ജാതിക്കാരനായിരുന്നു എന്നത്. ഇതിന് പിന്തുണ നല്‍കുന്നതിനു തുല്യമായി ബിജെപിയുടെ സാന്നിധ്യം.
ഇതോടെ ബിജെപിക്കെതിരെ ചരിത്രകാരന്മാര്‍ രംഗത്ത് വന്നിട്ടുണ്ട്. അശോക ചക്രവര്‍ത്തിയുടെ ജാതിയെ കുറിച്ച് ചരിത്ര ഗ്രന്ഥങ്ങളിലൊന്നും തന്നെ പരാമര്‍ശിക്കുന്നില്ല എന്നാണ് പ്രശസ്‌ത ചരിത്രകാരി റോമില ഥാപ്പര്‍ അഭിപ്രായപ്പെട്ടത്. ബിജെപി ചരിത്രത്തെ വളച്ചൊടിക്കാനുളള ശ്രമം നടത്തുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം മുന്‍ മേധാവി ഡി എന്‍ ഝായും ഥാപ്പറുടെ അഭിപ്രായത്തെ പിന്തുണച്ചു.
കുശവാഹരുടെ രാഷ്‌ട്രീയ ലോക് സമതാ പാര്‍ട്ടി ലോക്‌സഭയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. ബീഹാറില്‍ ഇരു കക്ഷികളും ഒരുമിച്ചാണ് മത്സരിക്കുന്നത്. നിലവില്‍ പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങളാണ് ലോക്‌സഭയിലുളളത്. ഒബിസി വിഭാഗത്തിലെ പ്രബലശക്‌തിയായ കുശവാഹര്‍ക്ക് ബീഹാറില്‍ ഒമ്പത് ശതമാനം വോട്ട് ഓഹരിയുമുണ്ട്. ഇതാണ് പുതിയ കാര്‍ഡ് കളിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചെതെന്നാണ് വിവരം.