നേപ്പാളിൽ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തേ തുടര്‍ന്ന് എവര്‍സ്റ്റ് കൊടുമുടി ഉള്‍പ്പെടുന്ന ഹിമാലയന്‍ മേഖലയില്‍ ശക്തമായ ഹിമപാതം ഉണ്ടായതായി റിപ്പോര്‍ട്ട്. ശക്തമായ ഹിമപാതത്തേ തുടര്‍ന്ന് ഖുംബു ഐസ്‌ഫാളിന് സമീപത്തുള്ള എവറസ്റ്റിലെ ബേസ് കാന്പിൽ ഉണ്ടായ ഹിമപാതത്തിൽ 30 പേർക്ക് പരുക്കേറ്റതായി നേപ്പാളിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബേസ് കാന്പും എവറസ്റ്റിലെ മറ്റ് പ്രദേശങ്ങളുമായി ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ടുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിൽ താമസം നേരിടുന്നുണ്ട്.
എവറസ്റ്റ് കൊടുമുടി കയറാന്‍ കൂടുതല്‍ പര്‍വ്വതാരോഹകര്‍ എത്തുന്ന സമയമായതിനാല്‍ ഇവിടെ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. റൊമാനിയൻ പർവ്വതാരോഹകനായ അലക്സ് ഗാവനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എവറസ്റ്റിൽ വലിയ ഹിമപാതമുണ്ടായെന്നും നിരവധി പേർ പർവ്വതത്തിലുണ്ടെന്നുമായിരുന്നു ട്വീറ്റ്. തനിക്ക് പരിക്കേറ്റിട്ടില്ല. തങ്ങൾ ടെന്റിൽ നിന്നും ജീവനും കൊണ്ട് പായുകയാണെന്നും ഗാവൻ തന്റെ സന്ദേശത്തിൽ കുറിക്കുന്നു.
എവറസ്റ്റിലെ ബേസ് കാന്പ് തകർന്നെന്നും താനും തന്റെ സംഘാംഗങ്ങളും ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നും മറ്റൊരു പർവ്വതാരോഹകരനായ ഡാനിയൽ മാസൂർ ട്വീറ്റ് ചെയ്തു.എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും മാസൂർ അഭ്യർത്ഥിക്കുന്നുണ്ട്. 2014 ഏപ്രിലിൽ എവറസ്റ്റിലെ ബേസ് കാന്പിലുണ്ടായ ഹിമപാതത്തിൽ 16 നേപ്പാളി ഗൈഡുകൾ മരിച്ചിരുന്നു.