ഭൂചലനം: നേപ്പാളില്‍ മരണം 68, ഉത്തരേന്ത്യയില്‍ 17 മരണം

ബുധന്‍, 13 മെയ് 2015 (07:46 IST)
നേപ്പാളിലും ഉത്തരേന്ത്യയിലും ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. നേപ്പാളില്‍ മരിച്ചവരുടെ എണ്ണം  68 ആയി. ഉത്തരേന്ത്യയില്‍ 17 മരണമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധിപേര്‍ കുടുങ്ങികിടക്കാന്‍  സാധ്യതയുള്ളതിനാല്‍ മരണസംഖ്യ  ഇനിയും ഉയര്‍ന്നേക്കും. ആയിരത്തി മുന്നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ അഞ്ഞൂറ് കവിയുമെന്നാണ് നേപ്പോള്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ ശക്തമായ മണ്ണിടിച്ചൽ റിപ്പോർട്ട് ചെയ്തു.

ഇന്ന് രാവിലെ രക്ഷാ പ്രവര്‍ത്തനം വീണ്ടും തുടങ്ങും. ഇതിനിടയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ അമേരിക്കന്‍ ഹെലികോപ്റ്റര്‍ നേപ്പാളില്‍ കാണാതായി. ചൊവ്വാഴ്‌ച ഉച്ചയോടെ ഉണ്ടായ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ ബിഹാറില്‍ തകര്‍ന്നു. അതേസമയം, കഴിഞ്ഞ ഭൂകമ്പത്തില്‍ ബലക്ഷയം സംഭവിച്ച നിരവധി കെട്ടിടങ്ങള്‍ നേപ്പാളില്‍ തകര്‍ന്നു വീണു. ഏപ്രില്‍ 25ന് നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഏറ്റവമധികം നാശനഷ്‌ടങ്ങള്‍ സംഭവിച്ച സിന്ധുപാല്‍ചൌകിലാണ് ഇത്തവണയും ഭൂകമ്പം കാര്യമായി നാശം വിതച്ചിരിക്കുന്നത്.

ബിഹാറില്‍ 12.35ഓടു കൂടിയാണ് ആദ്യ ഭൂകമ്പം ഉണ്ടായത്. രണ്ടാമത്തെ ഭൂചലനം 1.09 ഓടു കൂടിയാണ് ഉണ്ടായത്. ബിഹാറിലെ ദര്‍ബംഗ, പാട്‌ന, സിതമര്‍ഹി, പുര്‍ണിയ, സിവന്‍, കടിഹര്‍ എന്നീ ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. കേരളത്തില്‍ കൊച്ചിയില്‍ ഭൂചലനം അനുഭവപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ നേപ്പാളില്‍ ഇത് രണ്ടാമത്തെ വലിയ ഭൂചലനമാണ് നടക്കുന്നത്.

കാഠ്മണ്ഡുവില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് ഇത്തവണയും ഭൂചലനങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതുതന്നെയാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതും. കഴിഞ്ഞ മാസം 25ന് നേപ്പാളിൽ റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിൽ മരിച്ചവരുടെ എണ്ണം 8000 കവിഞ്ഞു. 17000ത്തിലധികം പേർക്ക് പരുക്കേറ്റു. ഇപ്പോഴും ഇവിടുത്തെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അന്നുതന്നെ ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തിൽ 52ൽ അധികം പേർ മരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക