ഡിവൈഎസ്പിയുടെ മരണം; കര്‍ണാടക നഗരവികസന മന്ത്രി കെജെ ജോർജ് രാജിവച്ചു - ജോർജ് അടക്കം മൂന്നുപേർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (18:43 IST)
കർണാടകയിൽ ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നഗരവികസന  മന്ത്രിയും മലയാളിയുമായ കെജെ ജോർജ് രാജിവച്ചു. ഡപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് എംകെ ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ജോർജ് അടക്കം മൂന്നുപേർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് രാജിയെന്നു സൂചന.

ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് ജോർജിനെതിരേയും മറ്റ് പൊലീസുകാര്‍ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നല്‍കിയിരുന്നു. ഗണപതിയുടെ കുടുംബത്തിന്റെ ഹർജിയിൽ പ്രാദേശിക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ ആഭ്യന്തരമന്ത്രിയും നിലവിലെ നഗരവികസന മന്ത്രിയുമാണ് മലയാളിയായ കെജെ ജോർജ്. കോട്ടയം ജില്ലയിലെ ചിങ്ങവനമാണ് സ്വദേശം.

ഈമാസം ഏഴിനാണ് ഗണപതിയെ ലോഡ്ജിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഒരു അഭിമുഖത്തിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു പിന്നിൽ മന്ത്രി കെജെ ജോർജും, ഇന്റലിജൻസ് ഐജി എഎം പ്രസാദ്, ലോകായുക്‌ത ഐജി പി പ്രണബ് മൊഹന്തി എന്നിവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Next Article