ആറു പേരെ അമിത ഡോസില്‍ മരുന്ന് കുത്തിവെച്ച് കൊന്ന ഡോ. സന്തോഷ് പോളിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് പുറത്തുവിടുന്നത്. പ്രണയമോ അവിഹിത ബന്ധമോ അല്ല ഇത്രയും ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. പണത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും വേണ്ടിയാണ് പോള്‍ മിക്ക കൊലപാതകങ്ങളും നടത്തിയത്. അതില്‍ ചിലത് മാത്രം കൊലപാതക വിവരം പുറത്തറിയാതിരിക്കാനും നടത്തിയവയാണ്.
മഹാരാഷ്ട്ര പൂര്‍വ്വ പ്രദമിക്ക് ശിക്ഷക സേവിക സംഘ് പ്രസിഡന്റായ മംഗള്‍ ജേദിന്റെ തിരോധാനത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് പിടിയിലാകുന്നത്. മംഗള്‍ ജേദിന്റെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പോളുമായുള്ള ബന്ധം കണ്ടെത്തിയതോടെയാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്.
പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഡോ. പോളും മംഗളും 1998 മുതല്‍ തന്നെ പരിചയക്കാരാണ്. അവിഹിത ബന്ധത്തെച്ചൊല്ലിയോ പോള്‍ മുമ്പ് നടത്തിയ കൊലപാതക വിവരങ്ങള്‍ പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോ ആണ് മംഗളിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് പറയുന്നു. മറ്റ് അഞ്ചുപോരെ പണത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും വേണ്ടിയാണ് പോള്‍ കൊലപ്പെടുത്തിയത്.
കുറച്ച് കാലമായി മംഗള്‍ പോളിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ നഴ്‌സ് ജ്യോതിയുടെ സഹായത്തോടെ പോള്‍ മംഗളിനെ തട്ടിക്കൊണ്ടു വന്നു. തന്റെ ക്ലിനിക്കിലെത്തിച്ച് ഓവര്‍ ഡോസ് മരുന്ന് നല്‍കി കൊലപ്പെടുത്തി. തുടര്‍ന്ന് ജൂലൈ 15ന് ധൂം വില്ലേജിലെ സ്വന്തം പോള്‍ട്രി ഫാമില്‍ മൃശരീരം എത്തിച്ച് മറവ് ചെയ്തു. ഇതാണ് മംഗളിന്റെ കൊലപാതകത്തെ കുറിച്ച് പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിനു ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ ആറ് പേരെ കൊലപ്പെടുത്തിയതായി പോള്‍ വെളിപ്പെടുത്തിയത്.
കൊലപ്പെടുത്തിയ അഞ്ച് സ്ത്രീകളേയും ശരീരം സ്വന്തം ഫാംഹൗസില്‍ മറവ് ചെയ്തതായും പുരുഷന്റേത് കൃഷ്ണ തടാകത്തില്‍ ഉപേക്ഷിച്ചതായും പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഫാം ഹൗസില്‍ നടത്തിയ പരിശോധനയില്‍ നാല് മൃതദേഹവും പോലീസ് കണ്ടെടുത്തു. മാരകമായതോതില്‍ മരുന്നുകള്‍ നല്‍കിയാണ് ഇയാള്‍ ഇരകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. പൂന, ഖോലോപൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഫോറന്‍സിക്ക് വിദഗ്ദ്ധരെത്തി മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു.
വടവാലി വില്ലേജിലെ സുരേഖ കിസാന്‍ ചിക്കാനേ(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് തലയ്ക്ക് അടിച്ച് 2003 മെയ് 30നാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരുടെ ആഭരണത്തിന് വേണ്ടിയായിരുന്നു കൊലപാതകം. പോളിന് വീടിന് സമീപത്താണ് ഇവരുടെ മൃതദേഹം ദഹിപ്പിച്ചത്.
വനിത നാര്‍ഹരി ഖയ്ക്ക്വാദ്(43) എന്ന ദൂം സ്വദേശിയെ ബലമുള്ള വസ്തുകൊണ്ട് മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. സ്വര്‍ണത്തിന് വേണ്ടി തന്നെയാണ് പോളിന്റെ ചികിത്സ തേടിയെത്തിയ വനിതയെയും കൊലപ്പെടുത്തിയത്. 2006 ആഗസ്റ്റ് 12നായിരുന്നു ഈ കൊലപാതകം. ഇവരെയും സമാന രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു. 2006 ഓഗസ്റ്റ് 12ന് കൊല്ലപ്പെട്ട വനിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
സമാന രീതിയിലാണ് 2010 ആഗസ്റ്റ് 13ന് ജഗാബായ് എന്ന യുവതിയെയും പോള്‍ കൊലപ്പെടുത്തിയത്. ഇവരും പോളിന്റെ ചികിത്സ തേടിയാണ് എത്തിയത്. ജഗാബായിയുമായി സ്വത്തു തര്‍ക്കം ഉണ്ടായിരുന്നതായും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ഇവരും പോളിന്റെ രോഗി തന്നെയായിരുന്നു. ജഗാബായിയുടെ മൃതദേഹം മറവ് ചെയ്ത ശേഷം അതിന് മുകളില്‍ ഒരു മരം നടാനും പോള്‍ തീരുമാനിച്ചു.
രവിവാര്‍ പേട്ടിലുള്ള സല്‍മ ഷെയ്ഖ് എന്ന നഴ്‌സ് പോളുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് നത്മാല്‍ ധനഞ്ചി ബണ്ടാരി എന്ന ജ്വല്ലറി ഉടമയുമായി ബന്ധം സ്ഥാപിക്കുകയും കൊലപാതകത്തിലൂടെ ലഭിക്കുന്ന സ്വര്‍ണം ഇവര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. 2015 ഡിസംബര്‍ 7ന് ബണ്ടാരിയെയും 2016 ജനുവരി 17ന് സല്‍മയെയും പോള്‍ കൊലപ്പെടുത്തി. സല്‍മ.ും ബണ്ടാരിയും ചേര്‍ന്ന് പോളിനെ വഞ്ചിക്കുന്നതായി സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എല്ലാ കൊലപാതകത്തിലും മയങ്ങാനുള്ള മരുന്ന് കുത്തിവച്ച ശേഷമാണ് കൊല നടത്തിയിരിക്കുന്നത്. സല്‍മ അനാഥയായതിനാല്‍ ആരും അന്വേഷിച്ച് എത്തിയതുമില്ല.
പണത്തിനും ആഭരണത്തിനും വേണ്ടിയാണെങ്കിലും പോള്‍ നടത്തിയ ഓരോ കൊലപാതകത്തിന് പിന്നിലും വ്യത്യസ്തമായ കാരണങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നു. സാമ്പത്തിക നേട്ടം(സ്വര്‍ണം, പണം എന്നിവ തട്ടിയെടുക്കാന്‍)മാണ് ഇതില്‍ പ്രധാനമെന്ന് പൊലീസ് പറയുന്നു. തനിച്ച് താമസിക്കുകയോ ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് ജീവിക്കുകയോ ചെയ്യുന്ന സ്ത്രീകളെയാണ് പോള്‍ ലക്ഷ്യം വെക്കുന്നത്. മംഗളിന്റെ ഭര്‍ത്താവ് മുംബൈയിലും മംഗള്‍ ജോലിയുടെ ഭാഗമായി വെലാംഗിലുമാണ് കഴിഞ്ഞിരുന്നത്. ജൂണ്‍ 15നാണ് മംഗളിനെ കാണാതായതായി വായ് പൊലീസില്‍ പരാതി ലഭിക്കുന്നത്. അന്വേഷണത്തില്‍ മംഗളും പോളും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. മംഗളിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുനയിലും ഖൊലക്പൂരിലുമായി ഫോണ്‍ ആക്ടീവ് ആണെന്ന് കണ്ടെത്തി. മംഗളിന്റെ ഫോണില്‍ നിന്നും ബന്ധുക്കളെ വിളിച്ച് ജ്യോതി മംഗളാണെന്ന് പറഞ്ഞ് സംസാരിക്കുകയും ജീവനോടെയുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മാറി നില്‍ക്കുന്നതെന്നും അവരെ വിശ്വസിപ്പിച്ചു. മംഗള്‍ മരിച്ചിട്ടില്ലെന്ന് പൊലീസിനെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാനുള്ള ശ്രമമായിരുന്നു പോളിന്റെയും ജ്യോതിയുടെയും.
എന്നാല്‍ അന്വേഷണത്തില്‍ സഹായി ജ്യോതിയാണ് മംഗളിന്റെ ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്നതെന്നും കൂടി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതോടെ ഇവര്‍ നിരീക്ഷണത്തിലായി. അന്വേഷണത്തില്‍ ജ്യോതിയും പോളും ചേര്‍ന്ന് ജ്യോതിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയതോടെ കേസില്‍ വഴിത്തിരിവായി. ജ്യോതിയെ കുരുക്കുന്നതിനായി പൊലീസ് കെണിയൊരുക്കുകയും വായ് ഏരിയയില്‍ നിന്നും ആഗസ്റ്റ് 10ന് ജ്യോതി പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തു. തട്ടിക്കൊണ്ടു പോയ മംഗളിനെ ജൂണ്‍ 15 ന് കൊലപ്പെടുത്തിയതായി അവര്‍ മൊഴി നല്‍കി. പിന്നീട് പോളിനെ അറസ്റ്റ് ചെയ്യുകയും ഇരുവരെയും ആഗസ്റ്റ് 18 വരെ കസ്റ്റഡിയില്‍ വിടുകയും ച്യെതു.
കൊലപാതകത്തിനും ഒരു മാസം മുമ്പേ തന്നെ പോള്‍ ഒരുക്കങ്ങള്‍ ആരംഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പ് പോള്‍ ഫാമിലേക്ക് ജെസിഎം മിഷിന്‍ കൊണ്ടു വരികയും മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുപ്പിക്കുകയും ചെയ്യും. ഫാമില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു കുഴികൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സഹായി ജ്യോതിയെ കൊന്ന് ദഹിപ്പിക്കാനാണെന്നാണ് പൊലീസ് നിഗമനം.
പോളിന് മെഡിക്കല്‍ ബിരുദം ഇല്ലെന്നും ഇയാള്‍ വ്യാജ ഡോക്ടറാണെന്നുമാണ് പൊലീസ് പറയുന്നത്. പോള്‍ പറയുന്നത് തനിക്ക് ബിഎഎംഎസ് ബിരുദം ഉണ്ടെന്ന് പോള്‍ പറയുന്നുണ്ടെങ്കിലും ഇയാള്‍ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസിന് ഉറപ്പില്ല. സ്വന്തമായി ക്ലിനിക്ക് സ്ഥാപിച്ച് കുറഞ്ഞ ഫീസ് ഇടാക്കി സാധാരണക്കാരെയാണ് ഇയാള്‍ ചികിത്സിച്ചു വരുന്നത്. മുമ്പ് കുറച്ചു കാലം ഡോ. വിദ്യാധര്‍ ഖോടാവാഡേക്കറുടെ ക്ലിനിക്കില്‍ ജോലി ചെയ്തത് മാത്രമാണ് ഇയാളുടെ മുന്‍ പരിചയം. എന്നാല്‍ വിദ്യാധര്‍ ഖോടാവാഡേക്കറെ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ വെറും സഹായി മാത്രമായിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയതിനാല്‍ ജോലിയില്‍ നിന്നും പിരിച്ച് വിടുകയായിരുന്നുവെന്നും പറയുന്നു. തന്റെ ആംബുലന്‍സ് പോള്‍ മോഷ്ടിച്ചിരുന്നതായും ഇതിന്റെ പേരില്‍ പോളിനെതിരെ വായ് പൊലീസ് സ്റ്റേഷനില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡോ. വിദ്യാധര്‍ വ്യക്തമാക്കി.