സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

വെള്ളി, 4 നവം‌ബര്‍ 2016 (19:08 IST)
പുറത്ത് നിന്നും വിശ്വസിച്ച് ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയായി മാറിയിരിക്കുകയാണ് ഇപ്പോൾ. കേരളവും തമിഴ്നാടും ഉൾപ്പെടും ആ കൂട്ടത്തിൽ. തമിഴ്നാട്ടിലെ ചില വഴിയോര ഭക്ഷണ ശാലകളിൽ മാംസത്തിനായി ഉപയോഗിക്കാൻ കടത്തിയ പൂച്ചകളെ കണ്ടത്തി എന്നതാണ് പുതിയ വാർത്ത. നേരത്തേയും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നത് സത്യം.
 
മട്ടൻ ബിരിയാണിയിൽ പകരം ചേർക്കാനാണ് പൂച്ചയിറച്ചിയെന്നാണ് വിവരം. ചെന്നൈയിലെ പല്ലവാരത്തു നിന്നാണ് കൂടുകളിൽ അടച്ച നിലയിൽ പൂച്ചകളെ കണ്ടെത്തിയത്. പീപ്പിൾ ഫോർ ആനിമൽ (പിഎഫ്എ) എന്ന സന്നദ്ധ സംഘടനാ പ്രവർത്തകർ നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ചെന്നൈയിലെ വിവിധ മേഖലകളിൽ പൊലീസ് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. 
 
പൂച്ചകളെ ജീവനോടെ തൊലിയുരിക്കുന്നതിന്റെയും വേവിക്കുന്നതിന്റെയും ദൃശ്യങ്ങൾ തങ്ങളുടെ പ്രവർത്തകർ രഹസ്യമായി പകർത്തിയിട്ടുണ്ടന്ന് പിഎഫ്എ സഹസ്‌ഥാപകൻ സിരണി പെരീര പറഞ്ഞു. തുച്ഛമായ വിലയ്ക്കു ലഭിക്കുമെന്നതിനാലാണ് ഇവയെ കൊന്ന് ഇറച്ചിയാക്കുന്നതെന്നും സിരണി വ്യക്‌തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക