ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ തേടി അമേരിക്കയിലെ സിലിക്കണ്‍ വാലി സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ നരേന്ദ്രമോഡിക്ക് പിന്തുണയുമായി ആഗോള ടെക് ഭീമന്‌മാര്‍. അമേരിക്കയിലെ പ്രമുഖ ചിപ് നിര്‍മാണ ക്കമ്പനിയായ ക്വാല്‍കോം, ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്‍മാര്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ക്വാല്‍കോം 15 കോടി ഡോളറിന്റെ(ഏതാണ്ട് 992 കോടിരൂപ) നിക്ഷേപമിറക്കുമ്പോള്‍ 5 ലക്ഷം ഗ്രാമങ്ങളില്‍ മൈക്രോസോഫ്റ്റിന്റെ ചെലവുകുറഞ്ഞ ഇന്റര്‍നെറ്റ് എത്തും. ഗൂഗിള്‍ 500 റെയില്‍വേസ്റ്റേഷനുകളില്‍ വൈഫൈ സൗകര്യമൊരുക്കും.
നരേന്ദ്രമോഡി സാങ്കേതികരംഗത്തെ പ്രമുഖര്‍ക്ക് നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ശേഷം ക്വാല്‍കോം കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പോള്‍ ജേക്കബ്‌സാണ് ഇന്ത്യയില്‍ നിക്ഷേപമിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ശരിയായ വഴിക്കാണ് നീങ്ങുന്നതെന്ന് ക്വാല്‍കോം മേധാവി അഭിപ്രായപ്പെട്ടു. ക്വാല്‍കോം വെഞ്ചേഴ്‌സ് എന്ന ഉപസ്ഥാപനംവഴിയാണ് നിക്ഷേപം. മൊബൈല്‍, ഇന്റര്‍നെറ്റ്, മാര്‍ക്കറ്റിങ്, വ്യാപാരസഹായം തുടങ്ങിയ മേഖലകളിലെ നൂതന സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്കാണ് മുതല്‍മുടക്കുന്നത്.
ആറുലക്ഷം ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി ഓപ്റ്റിക്കല്‍ഫൈബര്‍ ശൃംഖലയുടെ വിപുലീകരണം, കോളേജുകളിലും സ്‌കൂളുകളിലും ഇന്റര്‍നെറ്റ് ലഭ്യത, സര്‍ക്കാര്‍പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുള്ള 'മൈഗവ്.ഇന്‍' പോലുള്ള സൈറ്റുകള്‍, മോദി മൊബൈല്‍ ആപ്പുകള്‍ തുടങ്ങി സര്‍ക്കാര്‍ തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ പദ്ധതികള്‍ എടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.'ജനങ്ങളെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള ഉപാധിയായാണ് ഞാന്‍ സാങ്കേതികവിദ്യയെ കാണുന്നത്. രണ്ടുപതിറ്റാണ്ടുമുമ്പ് നമുക്ക് ആലോചിക്കാന്‍പോലും കഴിയാത്തവിധം ജനജീവിതത്തെ മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ കാലത്തിന് കഴിയുന്നുണ്ട്'- അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരായ മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യം നദെല്ല, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയ്, അഡോബിന്റെ സിഇഒ ശന്തനു നാരായണ്‍ തുടങ്ങി 350 പേരാണ് വിരുന്നിനെത്തിയത്. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ വിവിധ തലങ്ങളില്‍ ഈ സ്ഥാപനങ്ങളുടെ പിന്തുണയുണ്ടാവും.ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ട് അപ് രാജ്യമെന്നാണ് പിച്ചെയ് ഇന്ത്യയെ വിശേഷിപ്പിച്ചത്. 500 റെയില്‍വേസ്റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യമൊരുക്കാന്‍ ഗൂഗിള്‍ സഹായിക്കും. അഞ്ചുലക്ഷം ഗ്രാമങ്ങളില്‍ ചെലവുകുറഞ്ഞ ബ്രോഡ്ബാന്‍ഡ് എത്തിക്കാമെന്നായിരുന്നു സത്യം നദെല്ലയുടെ വാഗ്ദാനം.
ആപ്പിള്‍ സിഇഒ ടിം കുക്കുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് 'ഇന്ത്യയില്‍ നിര്‍മിക്കാന്‍' പ്രധാനമന്ത്രി ക്ഷണിച്ചത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. ഇന്ത്യയിലെ തങ്ങളുടെ വിപണിപങ്കാളിത്തം കൂട്ടാനാണ് ആപ്പിളിന്റെ ശ്രമം. ബാറ്ററി സാങ്കേതികവിദ്യ, വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജം, ഊര്‍ജസംഭരണം എന്നിവയില്‍ മുന്‍നിരക്കാരായ 'തെസ്ല' കമ്പനി പ്രധാനമന്ത്രി സന്ദര്‍ശിച്ചു. സി.ഇ.ഒ.എലന്‍ മസ്‌കുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ ടെസ്റ്റ് ഡ്രൈവും നടത്തി.